'ഒരു ട്രാൻസ്ഫർ വരാനിരിക്കുന്നു'; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി ഫുട്‌ബോൾ ജേണലിസ്റ്റ്

ഐഎസ്എല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുമ്പോടിയാണ് ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകം

Update: 2021-12-25 11:06 GMT
Editor : abs | By : Web Desk
Advertising

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൻ താരക്കൈമാറ്റത്തിന്റെ സൂചന നൽകി ഫുട്‌ബോൾ ജേണലിസ്റ്റ് മാർകസ് മെർഗുൽഹൗ. ഇപ്പോൾ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും താനൊന്നും പറയാതെ തന്നെ ഇക്കാര്യം വൈകാതെ അറിയാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകളുടെ വിശ്വസനീയ സോഴ്‌സാണ് മാർകസ്.

'കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരേ. ഒരു ട്രാൻസ്ഫർ നടക്കാനിരിക്കുന്നു. ഈ നിമിഷം അക്കാര്യം വെളിപ്പെടുത്തി ടീമിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. ടീമിൽ എന്തെല്ലാം ബലപ്പെടുത്തലുകളാണ് വേണ്ടത് എന്നു നോക്കൂ. ഞാനൊന്നും പറയാതെ തന്നെ നിങ്ങൾക്കതു കാണാൻ കഴിയും' - എന്നാണ് മാർകസിന്റെ ട്വീറ്റ്. 

ഐഎസ്എല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുമ്പോടിയാണ് ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകം. ഈ വേളയിൽ കളിക്കാർ പുതിയ താരങ്ങളെ വാങ്ങാനും കൈമാറാനും അവസരമുണ്ട്. ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയിൽ നിന്ന് മലയാളി വിങ്ങർ ആഷിഖ് കുരുണിയനെ ടീമിലെത്തിക്കും എന്ന് റിപ്പോർട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് നിലവിൽ മികച്ച ലെഫ്റ്റ് വിങ്ങറില്ല.

നേരത്തെ, ചെന്നെയിൻ എഫ്‌സി മുൻ ഗോൾ കീപ്പർ കരൺജിത് സിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റതിനെ തുടർന്നാണ് ഫ്രീ ഏജന്റായ കരൺജിത്തിനെ ടീമിലെത്തിച്ചത്. എന്നാൽ രണ്ടാം നമ്പർ ഗോൾ കീപ്പർ ശുഭ്മാൻ ഗിൽ മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. 

ഞായറാഴ്ച ജംഷഡ്പൂർ എഫ്‌സിക്കെതിരെയാണ് കേരള ടീമിന്റെ അടുത്ത മത്സരം. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയെയും മികച്ച പ്രതിരോധ നിരയുള്ള ചെന്നെയിൻ എഫ്‌സിയെയും എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്. ഏഴു കളികളിൽനിന്ന് മൂന്നു വിജയവും മൂന്ന് സമനിലയുമായി 12 പോയിന്റുള്ള ടീം ഇപ്പോൾ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. തുടർച്ചയായ ആറു മത്സരങ്ങൾ തോൽക്കാതെയാണ് ടീമിന്റെ കുതിപ്പ്. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിന് തൊട്ടുമുകളിലാണ് ജംഷഡ്പൂർ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News