വെള്ള ഷർട്ട് ധരിക്കുന്നതിന്റെ കാരണമെന്ത്? ഖുറി ഇറാനിക്കു മുമ്പിൽ മനസ്സു തുറന്ന് ഇവാൻ

"ബിജോയ് മലയാളി മാഫിയ ഹെഡാണ്. ഖബ്രയാണ് ഡിജെയുടെ ആൾ"

Update: 2022-03-09 11:54 GMT
Editor : abs | By : Web Desk
Advertising

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസൺ ഇതിലും മികച്ചതായിരിക്കുമെന്ന് ഹെഡ്‌കോച്ച് ഇവാൻ വുകുമനോവിച്ച്. ക്ലബിൽ സന്തുഷ്ടനാണെന്നും അടുത്ത സീസണുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് അവതാരക ഖുറി ഇറാനിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവാൻ. വ്യക്തിപരമടക്കം നിരവധി കാര്യങ്ങളെ കുറിച്ച് ഇവാൻ ഇന്റർവ്യൂവിൽ മനസ്സു തുറന്നു.

'ഞാൻ കളി ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. കളത്തിൽ കളിക്കാരാണ് എല്ലാം ചെയ്യുന്നത്. സാങ്കേതിക കാര്യങ്ങളാണ് നമ്മൾ പറഞ്ഞുകൊടുക്കുന്നത്. മികച്ച യുവതാരങ്ങൾ ബ്ലാസ്റ്റേഴ്‌സിനുണ്ട്. മികച്ച ഒത്തിണക്കമാണ് ടീമിൽ' - അദ്ദേഹം പറഞ്ഞു.

ടീം കളത്തിലിറങ്ങുമ്പോൾ വെള്ള ഷർട്ട് ധരിക്കുന്നതിന്റെ രഹസ്യമെന്താണ് എന്ന് ചോദ്യത്തിന് ' യഥാർത്ഥത്തിൽ എന്താണെന്ന് എനിക്കറിയില്ല. വെള്ള ഷർട്ടിടുമ്പോൾ നല്ല ഫീലിങ് ലഭിക്കുന്നു. ഫറ്റോർഡയിൽ മുംബൈ എഫ്‌സിയെ ആദ്യമായി നേരിട്ടപ്പോൾ ആണെന്നു തോന്നുന്നു ആദ്യമായി വെള്ള ഷർട്ടിട്ടത്. പിന്നീട് അത് തുടർന്നു.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ടീമിൽ ആരാണ് നിങ്ങളുടെ ഫേവറേറ്റ് എന്ന ചോദ്യത്തിന് എല്ലാവരും സ്‌പെഷ്യൽ ആണ് എന്നായിരുന്നു ഇവാന്റെ മറുപടി. 'ഞാൻ എല്ലാവരെയും ഇഷ്ടപ്പെടുന്നു. പൂട്ടിയ, ബിജോയ്, ഖബ്ര, ലൂന തുടങ്ങിയ ചില തമാശക്കാരുണ്ട്. പരിശീലന സെഷനിൽ അവർ പ്രൊഫഷണലാണ്. ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായി. ബിജോയ് മലയാളി മാഫിയ ഹെഡാണ്. ഖബ്രയാണ് ഡിജെയുടെ ആൾ.' - ഇവാൻ കൂട്ടിച്ചേർത്തു. 

ആദ്യസെമി വെള്ളിയാഴ്ച

അതിനിടെ, ഐഎസ്എല്ലിലെ ആദ്യ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ലീഗ് ഷീൽഡ് ജേതാക്കളാണ് ജംഷഡ്പൂർ. ആറു വർഷത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കുന്നത്. 20 മത്സരങ്ങളിൽ നിന്ന് 9 വിജയവും 7 സമനിലയുമായി 34 പോയിന്റോടെയാണു ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് എൻട്രി.

ഈ സീസണിൽ ഏറ്റവുമധികം മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് (7 തവണ) നേടിയ ടീമാണു ബ്ലാസ്റ്റേഴ്‌സ്. ഗോൾ വ്യത്യാസത്തിൽ പോസിറ്റീവ് മുഖവുമായി (+10) ബ്ലാസ്റ്റേഴ്‌സ് ഒരു സീസൺ പൂർത്തിയാക്കുന്നതും ആദ്യമായാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News