''എന്‍റെ പേര് കെ.എം ഷാജി എന്നാണെങ്കില്‍, ചെയ്തവന് എട്ടിന്‍റെ പണി കൊടുത്തിരിക്കും...''

കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പ്രസംഗവുമായി കെ. എം ഷാജി.

Update: 2021-03-04 01:18 GMT

തനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്‍റെ പണി നൽകുമെന്ന ഭീഷണിയുമായി കെ.എം ഷാജി എം.എൽ.എ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാർട്ടിക്കുള്ളിലും തനിക്കെതിരെ പ്രവർത്തിച്ചവരുണ്ടെന്നും കെ.എം ഷാജി.

കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ. എം ഷാജിയുടെ വിവാദ പ്രസംഗം. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. തനിക്കെതിരെ പാർട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും താൻ മറക്കില്ല. അവർക്കെല്ലാം എട്ടിന്‍റെ പണി നൽകും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്നും ഷാജി ഭീഷണി മുഴക്കി.

Advertising
Advertising

''അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക തന്നെ ചെയ്യും. അത് ഏത് കൊമ്പത്തവനായും. ഒരു സംശയവും നിങ്ങള്‍ വിചാരിക്കണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ ഒന്നും നോക്കുന്ന പ്രശ്നമൊന്നുമില്ല. ഒന്ന് ഉറപ്പിച്ച് പറയുന്നു, എന്‍റെ പേര് കെ.എം ഷാജി എന്നാണെങ്കില്‍ ചെയ്തവന് എട്ടിന്‍റെ പണി കൊടുത്തിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു.''

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പരാമർശം ഉള്ള നോട്ടീസുകൾ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാൽ ഈ ലഘുലേഖകൾ പോലീസിന് മറ്റ് ചിലർ എത്തിച്ച് നൽകിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് . ഈ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് കെ.എം ഷാജിയുടെ വിവാദ പ്രസംഗം.

Full View
Tags:    

Similar News