ധർമ്മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക്: ജോയ് മാത്യു
വിജയിക്കുവാന്‍ വേണ്ടി മാത്രമല്ല മത്സരങ്ങള്‍ അവ പൊരുതുവാൻ ഉള്ളത് കൂടിയാണെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ധർമ്മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് നല്‍കുമെന്ന് ചലചിത്രതാരം ജോയ് മാത്യു. ധര്‍മടത്ത് പിണറായി വിജയനെതിരേ വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മ മത്സരിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയിക്കുവാന്‍ വേണ്ടി മാത്രമല്ല മത്സരങ്ങള്‍ അവ പൊരുതുവാൻ ഉള്ളത് കൂടിയാണെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലയ്ക്കാണ്. അതുകൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസിന്‍റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങനെയെങ്കിലും സ്ഥാനാർഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്‍റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .
അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണയ്ക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു.ഡി.എഫിന്‍റെ മൂല്യബോധവും ധാർമികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ, അവ പൊരുതുവാൻ ഉള്ളത്കൂടിയാണ്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല .