'ഉമ്മൻചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്‌നം തീർക്കും'; ഇരിക്കൂറിലെ ഗ്രൂപ്പ് പോരില്‍ കെ സുധാകരൻ

"ഉമ്മൻചാണ്ടിയും ഞങ്ങളുമൊക്കെ ഇരുന്നിട്ട് തീരാത്ത ഒരു പ്രശ്‌നം കോൺഗ്രസുകാർക്കിടയിൽ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"

Update: 2021-03-18 08:30 GMT

കണ്ണൂർ: ഇരിക്കൂറിലെ പ്രശ്‌നങ്ങൾ ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പരിഹരിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ. ഇതിലും വലിയ പ്രശ്‌നങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമടത്ത് മത്സരിക്കാനില്ലെന്ന് അറിയിച്ച് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.

' ഇരിക്കൂറിലെ പ്രശ്‌നത്തിൽ ഫോർമുല ചർച്ച ചെയ്യാൻ നാളെ ഉമ്മൻചാണ്ടി വരുന്നുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഉമ്മൻചാണ്ടിയും ഞങ്ങളുമൊക്കെ ഇരുന്നിട്ട് തീരാത്ത ഒരു പ്രശ്‌നം കോൺഗ്രസുകാർക്കിടയിൽ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' -അദ്ദേഹം ചോദിച്ചു.

Advertising
Advertising

' ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്‌നം എങ്ങനെ തീർക്കണമെന്ന്. ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്. അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ അത്ര മോശക്കാരൊന്നുമല്ല. ഉമ്മൻചാണ്ടിയുടെ ഒരു സാന്നിധ്യം മതി. ഞങ്ങൾ പ്രശ്‌നങ്ങൾ തീർക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരിക്കൂരിൽ നേതൃത്വം പ്രഖ്യാപിച്ച സജീവ് ജോസഫിനെതിരെയാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയർത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റിയനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ആവശ്യം.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് കെ സുധാകരൻ സ്ഥാനാർഥിയാകില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാൽ മത്സരിക്കാൻ കഴിയില്ല. കണ്ണൂർ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.

Tags:    

Similar News