''ബൈക്ക് കേടായാല്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകും, നിയമം ലംഘിക്കാന്‍ താല്‍പര്യമില്ല''; വിവാദങ്ങളില്‍ വിശദീകരണവുമായി മല്ലുട്രാവലര്‍

''വ്ളോഗേഴ്സിനെ കരിവാരിത്തേക്കാനുള്ള അജണ്ട കേരളത്തില്‍ നടക്കുന്നുണ്ട്''

Update: 2021-08-11 13:40 GMT
Editor : ijas | By : ijas
Advertising

ബൈക്ക് മോഡിഫിക്കേഷന്‍ നടത്തുമെന്നും അതിന് തനിക്ക് അവകാശമുണ്ടെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പ്രശസ്ത വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍. വിവാദ പരാമര്‍ശം നടത്തിയ വീഡിയോ ഒരു വര്‍ഷം മുമ്പുള്ളതാണെന്നും അന്ന് തന്നെ അതിനെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നതായും മല്ലു ട്രാവലര്‍ പറഞ്ഞു. രണ്ട് വ്ളോഗേഴ്സിന്‍റെ തെറ്റിന് മുഴുവന്‍ വ്ളോഗേഴ്സിനെയും കുറ്റക്കാരാക്കുന്നതായും തന്‍റെ ആമിനയെന്ന ബൈക്ക് കേരളത്തില്‍ മോഡിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും ഷാക്കിര്‍ വ്യക്തമാക്കി.

ലോകയാത്രക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തതെന്നും മോഡിഫൈ ചെയ്തപ്പോള്‍ അതിനുള്ള ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിരുന്നതായും ഷാക്കിര്‍ പറഞ്ഞു. കേരളത്തില്‍ ഒരു നിയമകുരുക്കിലും ബൈക്ക് പെട്ടിരുന്നില്ല. ലോകം മുഴുവന്‍ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോള്‍ വീടിനകത്ത് കയറ്റിയിട്ടിരിക്കുന്നതായും ഇന്‍ഷുറന്‍സ് വരെ തീര്‍ന്നതായും ഷാക്കിര്‍ പറഞ്ഞു. ബൈക്കിന് എന്തെങ്കിലും ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ട്രക്കില്‍ കയറ്റിയായിരിക്കും സര്‍വീസ് സെന്‍ററിലേക്ക് കൊണ്ടുപോവുക. ഇവിടുത്തെ നിയമം ലംഘിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്നും ഷാക്കിര്‍ വ്യക്തമാക്കി. 

Full View

മല്ലുട്രാവലര്‍ വിശദീകരണ വീഡിയോയില്‍ പറഞ്ഞത്:

ഒരു വര്‍ഷം മുമ്പ് പറഞ്ഞ പരാമര്‍ശമാണ് അത്. അന്ന് ലൈവില്‍ പറഞ്ഞതാണ്. എം.വി.ഡി ഡിപാര്‍ട്ട്മെന്‍റ് വിളിച്ചപ്പോള്‍ കാരണം അറിയിച്ചിട്ടുണ്ട്. വ്ളോഗേഴ്സിനെ കരിവാരിത്തേക്കാനുള്ള അജണ്ട കേരളത്തില്‍ നടക്കുന്നുണ്ട്. രണ്ട് പേരുടെ തെറ്റിന് കേരളത്തിലെ എല്ലാ വണ്ടി പ്രാന്തമാരെയും പ്രഷറിലാക്കുകയാണ് ചെയ്യുന്നത്. രണ്ട് വ്ളോഗേഴ്സിന്‍റെ തെറ്റിന് മുഴുവന്‍ വ്ളോഗേഴ്സിനെയും കുറ്റക്കാരാക്കുന്നു.


ഇതില്‍ മോഡിഫിക്കേഷന്‍ വരുത്തിയ വാഹനമാണ് പുറകിലിരിക്കുന്നത്. ഇത് ടി.വി.എസ് കമ്പനിയുടെ ആര്‍.ടി.ആര്‍ 200 എന്ന മോഡലാണ്. എന്‍റെ വീഡിയോസ് കാണുന്നവര്‍ക്ക് അറിയാം. ഇതിനെ ഞാന്‍ ആമിനായെന്നാണ് വിളിക്കുന്നത്. ഇതില്‍ മുഴുവനും മോഡിഫിക്കേഷന്‍ നടത്തിയിട്ടുണ്ട്. 2019ലാണ് വണ്ടി മുഴുവനും മോഡിഫൈ ചെയ്യുന്നത്. എഞ്ചിനും ചെയ്സും സീറ്റും ടാങ്കും പോലെയുള്ള കാര്യങ്ങള്‍ മാത്രമാണ് വണ്ടിക്കുള്ളത്. ബാക്കി മുഴുവന്‍ മോഡിഫൈ ചെയ്തതാണ്. പക്ഷെ അന്ന് മോഡിഫൈ ചെയ്തപ്പോള്‍ അതിനുള്ള ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിരുന്നു. ലോകയാത്രക്കുള്ളതാണ്, നാട്ടിലെ യാത്രക്കല്ല എന്ന് അവരോട് പറഞ്ഞു. Carnet De Passage എല്ലാം അവര്‍ക്ക് കൈമാറി. അത് കൊണ്ട് വണ്ടി കേരളത്തില്‍ ഒരു നിയമകുരുക്കിലും പെട്ടിരുന്നില്ല. യാത്രക്ക് വേണ്ടിയുള്ള കോണ്‍സപ്റ്റിന് വേണ്ടി മോഡിഫൈ ചെയ്തു.

കേരളത്തിന് പുറത്ത് കൊണ്ടുപോയി, ഇന്ത്യക്ക് പുറത്തുപോയി, ലോകം മുഴുവന്‍ കറങ്ങി ഇപ്പോള്‍ വീടിനകത്ത് കയറ്റിയിട്ടു. ഇതിന്‍റെ ഇന്‍ഷുറന്‍സ് വരെ തീര്‍ന്നിട്ടുണ്ട്. ഓടിക്കാറേയില്ല. ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ട്രക്കില്‍ കയറ്റിയായിരിക്കും സര്‍വീസ് സെന്‍ററിലേക്ക് കൊണ്ടുപോവുക. അത്ര പോലും ഈ വണ്ടി ഓടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാല്‍ ഇവിടുത്തെ നിയമം അനുവദിക്കുന്നില്ല. നിയമം ലംഘിക്കാന്‍ ഒരു താല്‍പര്യവുമില്ല. ഈ വണ്ടിയുടെ വേള്‍ഡ് ട്രിപ്പിന് ആര്‍.ടി.ഒ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഈ വണ്ടിയുടെ പേപ്പര്‍ ശരിയാക്കാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടുണ്ട്. ഓണാവധി പോലും കണക്കിലെടുക്കാതെ ആര്‍.സി അനുവദിക്കാന്‍ കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുടെയൊന്നും സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ ലോക യാത്ര സാധ്യമാവുമായിരുന്നില്ല. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - ijas

contributor

Similar News