റെസ്പോണ്‍സ് ഇല്ലാതെ സിറ്റിസണ്‍ റെസ്പോണ്‍സ്; കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളേയും രംഗത്തിറക്കാന്‍ തീരുമാനം

എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭാ മണ്ഡലംതല കലക്ഷന്‍ സെന്‍ററുകളിലും സാമഗ്രികള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.

Update: 2026-02-05 12:13 GMT

തിരുവനന്തപുരം: നിയമസഭാ തെര‍ഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് തുടക്കം കുറിച്ച ഭവന സന്ദര്‍ശന പരിപാടിയായ സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം പരാജയപ്പെട്ടതോടെ മുഖം രക്ഷിക്കാനായി കുടുംബശ്രീ പ്രവര്‍ത്തകരെയും കോളജ് വിദ്യാര്‍ഥികളേയും രംഗത്തിറക്കാന്‍ തീരുമാനം.

എല്ലാ തദ്ദേശഭരണ വാര്‍ഡുകളിലും ഭവന സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയുടെ കത്തും മറ്റു പ്രചാരണ സാമഗ്രികളും വിതരണം ചെയ്യാൻ രണ്ട് പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്നാണ് ബുധനാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.

Advertising
Advertising

കുടുംബശ്രീയെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രാഷ്ട്രീയ പ്രചാരണത്തിനായി ഇറക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ പ്രതിഷേധമുണ്ട്. കോളജുകളില്‍നിന്ന് നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരെയാണ് വീടുകളില്‍ പോകാനായി നിയോഗിക്കുന്നത്. ലോക ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചും നയരൂപീകരണത്തിന്‍റെ അവിഭാജ്യ ഘടകമാക്കുന്ന ബൃഹത് പരിപാടി എന്ന രീതിയിലാണ് സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ആസൂത്രണം ചെയ്തിരുന്നത്.

ജനുവരി ഒന്നുമുതല്‍ 31 വരെ എല്ലാ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുമെന്നും ഭാവി കേരളത്തെക്കുറിച്ചുള്ള ആശയങ്ങള്‍ തേടുമെന്നുമാണ് അറിയിച്ചിരുന്നത്. സര്‍ക്കാര്‍ ചെലവിലുള്ള എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിനാണ് ഫലത്തില്‍ ലക്ഷ്യമിട്ടിരുന്നത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഫെബ്രുവരി 15ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 


വീടുകളില്‍ വിതരണം ചെയ്യാൻ ബ്രോഷറുകള്‍, മുഖ്യമന്ത്രിയുടെ കത്ത്, നോട്ടുബുക്ക്, റൈറ്റിങ് പാഡ്, പേന, ബാഗ്, ഐഡന്‍റിറ്റി കാര്‍ഡ് തുടങ്ങി ശരാശരി 15 ടണ്‍ സാമഗ്രികള്‍ വീതം തയ്യാറാക്കി എല്ലാ ജില്ലകളിലും എത്തിച്ചു. ചില ജില്ലകളില്‍ ഇത് 30 ടണ്‍ വരെയുണ്ടായിരുന്നു. എന്നാല്‍ ജനുവരി പിന്നിട്ടശേഷവും പരിശീലനവും ഭവന സന്ദര്‍ശനവും എങ്ങുമെത്തിയില്ല. പരിശീലനം നേടിയവരില്‍ ഏറെപ്പേരും ഭവന സന്ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല.

സംസ്ഥാനത്തൊട്ടാകെ 9,54,2805 വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന പരിപാടിയില്‍ 3,85,816 വീടുകളില്‍ മാത്രമാണ് എത്താനായതെന്നാണ് ഫെബ്രുവരി രണ്ട് വരെയുള്ള ഔദ്യോഗിക കണക്ക്. ഇതില്‍തന്നെ 1,50,865 വീടുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖനേ അപ്‌ലോഡ്‌ ചെയ്തിട്ടുള്ളത്.

എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭാ മണ്ഡലംതല കലക്ഷന്‍ സെന്‍ററുകളിലും സാമഗ്രികള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പരിപാടിക്കായി തയ്യാറാക്കിയ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രയോജനക്ഷമമായതുമില്ല. പാര്‍ട്ടി സ്വന്തം നിലയ്ക്ക് ഭവന സന്ദര്‍ശനം ആരംഭിക്കുകകൂടി ചെയ്തതോടെ പദ്ധതി ഫലത്തില്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള പാഴ്‌വേലയായി.

പദ്ധതിക്കു വേണ്ടി 20 കോടി രൂപയാണ് നോഡല്‍ വകുപ്പായ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചത്. സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്‍റെ സംസ്ഥാന ചെയർ പേഴ്സണായിരുന്ന പിആര്‍ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ പരിപാടി തുടങ്ങി അധികം വൈകാതെ അവധിയില്‍ പോയി. വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍.

പദ്ധതി തുടങ്ങുമ്പോള്‍ വകുപ്പ് ഡയറക്ടറായിരുന്ന ടി.വി സുഭാഷിന് അടുത്തിടെ സ്പെഷ്യല്‍ സെക്രട്ടറിയായി പ്രമോഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് വകുപ്പില്‍തന്നെയാണ് നിയമിച്ചിട്ടുള്ളത്. ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഇദ്ദേഹമാണ് വഹിക്കുന്നത്. തുടക്കത്തിലേ പാളം തെറ്റിയ പരിപാടിയെ കരകയറ്റാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ ഉള്‍പ്പെടെ പലതവണ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും കാര്യമായ പുരോഗതി നേടാനായില്ല.

ഭൂരിഭാഗം ജില്ലകളിലും നൂറിലേറെ ആളുകള്‍ പങ്കെടുക്കേണ്ട പരിശീലന പരിപാടികളില്‍ വിരലിലെണ്ണാന്‍ പോന്നവര്‍ മാത്രമാണ് എത്തിയത്. സര്‍ക്കാരിന്‍റെ സന്നദ്ധ സേവന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് രേഖാമൂലം സന്നദ്ധത അറിയിക്കുന്നവരെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ജില്ല, നിയമസഭാ മണ്ഡലം, തദ്ദേശ സ്ഥാപനം എന്നീ തലങ്ങളിലെ സമിതികളില്‍ പാര്‍ട്ടി അനുഭാവികളെത്തന്നെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി അംഗങ്ങളെ ഉള്‍പ്പെടുത്തി കര്‍മസേനകള്‍ പൊളിച്ചുപണിതതും ഗുണം ചെയ്തില്ല.

സംസ്ഥാനതല നിര്‍വഹണസമിതി അംഗമായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ജോയ് ഇളമണും കിലയുടെ പ്രതിനിധികളും പരിപാടിയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായത് വിമര്‍ശനത്തിനു വഴിതെളിച്ചു. കഴിഞ്ഞദിവസം നടന്ന കുടുംബശ്രീ യോഗത്തിലും ജോയി ഇളമണാണ് കൂടുതലും സംസാരിച്ചത്. വിവിധ തലങ്ങളില്‍ പദ്ധതിയുടെ ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കുന്ന സ്ഥിതിയുമുണ്ട്.

സര്‍ക്കാരിന്‍റെ പിആര്‍ ദുരന്തങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന സദസുകൾ, സി.എം വിത്ത് മി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള സിഎം മെഗാ ക്വിസ് തുടങ്ങി സമീപകാലത്ത് വന്‍ തുക ചെലവിട്ട് നടപ്പാക്കിയ മുഴുവൻ പ്രചാരണ പരിപാടികളും പാളുകയായിരുന്നു.

ജില്ലകളിലെ ഏറ്റവും വലിയ വികസന പദ്ധതിയുടെ മേഖലയില്‍വച്ച് മന്ത്രിമാരുടെ വിപുലമായ വാര്‍ത്താസമ്മേളനം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഒഴിവാക്കിയ സ്ഥിതിയാണ്. ആഘോഷാന്തരീക്ഷത്തില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരുപാട് വികസന പദ്ധതികള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് അറിയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News