പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യ പുലര്‍ത്തുന്ന നിശബ്ദത പ്രവാസികളോടുള്ള അവഗണന: ഹാരിസ് ബീരാന്‍ എംപി

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അപ്രോപ്രിയേഷന്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഹാരിസ് ബീരാൻ എംപി

Update: 2026-03-24 14:49 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇറാനും അമേരിക്കയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്ഥാന്‍ മുന്നോട്ടുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണെന്ന് ഹാരിസ് ബീരാന്‍ എംപി. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന നിശബ്ദത പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും ഇപ്പോഴും തുടരുന്ന കടുത്ത യുദ്ധപ്രതിസന്ധിയില്‍ ഇന്ത്യയുടെ വിദേശനയം എവിടെപ്പോയെന്നും ഹാരിസ് ബീരാന്‍ എംപി രാജ്യസഭയില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അപ്രോപ്രിയേഷന്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

രാജ്യത്തിന്റെ നയതന്ത്ര പരാജയങ്ങളോടൊപ്പം ന്യൂനപക്ഷ ക്ഷേമവിഹിതം മുമ്പെങ്ങുമില്ലാത്ത വിധം വെട്ടിക്കുറച്ചതിന്റെയും തീരദേശങ്ങളിലെ കോര്‍പ്പറേറ്റ് വല്‍ക്കരണവും ബ്ലൂ ഇക്കോണമിയും ഉള്‍പ്പടെ മത്സ്യമേഖലയില്‍ തുടരുന്ന അവഗണനയുടെയും കണക്കുകള്‍ നിരത്തിയ എംപി, സഭയില്‍ കേന്ദ്രസര്‍ക്കാരിനോട് ഓരോ വിഷയത്തിലും എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രതിവര്‍ഷം 2,16,893 കോടി രൂപ നമ്മുടെ രാജ്യത്തേക്ക് അയക്കുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശവുമില്ലന്നും യുദ്ധം കാരണം തൊഴില്‍ നഷ്ടപ്പെട്ട് പശ്ചിമേഷ്യയില്‍ നിന്നും തിരികെ വരേണ്ടി വരുന്ന നിരാലംബരായ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക തുക അനുവദിക്കാത്തത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ സര്‍ക്കാര്‍ ബോധപൂര്‍വ്വം അവഗണിക്കുന്നതിനെ വിമര്‍ശിച്ച അദ്ദേഹം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് 302 കോടിയില്‍ നിന്നും വെറും ആറ് ലക്ഷം രൂപയായി കുറച്ചത് 99.998 ശതമാനം വെട്ടിക്കുറയ്ക്കലാണെന്നും സമുദായത്തോടുള്ള ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഭരണപരമായ പിഴവുകളുടെ പേരില്‍ കേരളത്തിലെ മിടുക്കരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കി ശിക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൗലാന ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെയും മദ്രസ നവീകരണ പദ്ധതിയുടെയും വിഹിതം ചരിത്രത്തിലാദ്യമായി പൂജ്യമാക്കിയതിലൂടെ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ മുന്‍ഗണനകളാണ് വ്യക്തമാകുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഇക്കണോമിക് സോണ്‍ ചട്ടങ്ങളെയും വിമര്‍ശിച്ച അദ്ദേഹം കടല്‍ സമ്പത്തിനെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന 'മദര്‍ ആന്‍ഡ് ചൈല്‍ഡ് വെസല്‍ മോഡല്‍' കേരളത്തിന്റെ തീരദേശ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും സിഎംഎഫ്ആര്‍ഐ പോലുള്ള സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമിതമായ അനുമതി നല്‍കുന്നത് മത്സ്യസമ്പത്ത് നശിപ്പിക്കുമെന്നും വ്യക്തമാക്കി.

ബ്ലൂ ഇക്കോണമി എന്ന ആകര്‍ഷകമായ പേരില്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നത് മത്സ്യത്തൊഴിലാളികളെ കടലില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ടയാണെന്നും അദ്ദേഹം സഭയില്‍ തുറന്നടിച്ചു. കേരളമുള്‍പ്പടെ രാജ്യത്താകമാനമുള്ള മത്സ്യത്തൊഴിലാളികള്‍ക്കോ കര്‍ഷകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സ്ഥാനമില്ലാത്ത ഒരു പ്രത്യേക ആശയത്തിലുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഈ ബജറ്റെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News