'ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനം'; പത്മവിഭൂഷണില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് വിഎസ്സിൻ്റെ കുടുംബം

ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വിഎസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍

Update: 2026-02-05 15:48 GMT

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് കുടുംബം. ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനമാണെന്ന് വിഎസ്സിന്റെ മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വിഎസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. നേരത്തെ, പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

Advertising
Advertising

'ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം' -അരുണ്‍ കുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

'പത്മവിഭൂഷണ്‍' വിഎസ്സിന് നല്‍കാന്‍ തീരുമാനിച്ച വിവരം ഇന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിപ്പായി വന്നതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വിഎസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു-അരുണ്‍ കുമാര്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിരവധി നേതാക്കള്‍ നേരത്തെ പത്മ പുരസ്‌കാരം നിരസിച്ചിട്ടുണ്ട്. 2022ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുരസ്‌കാരം നിരസിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയാണ് നേതാക്കളുടെ പ്രവര്‍ത്തനമെന്നും ഭരണകൂടത്തിന്റെ ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് നിലപാടെന്നുമാണ് സിപിഎം അന്ന് വ്യക്തമാക്കിയത്. 

1992ല്‍ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന് പി.വി നരസിംഹറാവു സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇഎംഎസ് പുരസ്‌കാരം നിരസിച്ചു. പിന്നീട്, ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിനും സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനും പത്മപുരസ്‌കാരം നല്‍കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഇരുവരും സ്വീകരിക്കില്ലെന്ന നിലപാടെടുത്തതിനാല്‍ പുരസ്‌കാരം പ്രഖ്യാപിച്ചില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News