കോവിഡിൽ തിരിച്ചെത്തിയത് 14.32 ലക്ഷം പ്രവാസികൾ; സമ്പദ്ഘടന താളംതെറ്റും

നാട്ടിലെത്തിയ പ്രവാസികളിൽ ലക്ഷക്കണക്കിന് പേർ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിലാണ്

Update: 2021-06-04 06:47 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്ത് വിദേശത്തു നിന്ന് തിരിച്ചെത്തിയത് 14.32 ലക്ഷം പ്രവാസികളെന്ന് സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാറിന്റെ കന്നിബജറ്റിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇവരില്‍ തിരികെ പോകാത്തവര്‍ക്കായി കുറഞ്ഞ പലിശ നിരക്കിൽ ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയും ബജറ്റ് പ്രഖ്യാപിച്ചു. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഒരുപക്ഷേ, സംസ്ഥാന ചരിത്രത്തിൽ ആദ്യമായാകും ഇത്രയും കൂടുതൽ പ്രവാസികൾ ഒരേ കാരണത്തിന്റെ പേരിൽ നാട്ടിൽ തിരിച്ചെത്തുന്നത്. പ്രവാസികള്‍ കൂടുതലുള്ള ഗൾഫ് മേഖലയിൽ നിന്നാണ് കൂടുതൽ തിരിച്ചുവരവുകൾ ഉണ്ടായിട്ടുള്ളത്. നാട്ടിലെത്തിയ പ്രവാസികളിൽ ലക്ഷക്കണക്കിന് പേർ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിലാണ്. ഇവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന കടുത്ത വെല്ലുവിളി സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്നുണ്ട്.

പ്രവാസിപ്പണത്തിൽ ചലിച്ച നാട്ടിലെ സമ്പദ് ഘടനയെയും തിരിച്ചുവരവുകള്‍ ബാധിക്കുമെന്ന് തീർച്ചയാണ്. സംസ്ഥാന ജിഡിപിയുടെ ഇരുപത് ശതമാനത്തോളം പ്രവാസികൾ അയക്കുന്ന പണമാണ് എന്നാണ് കണക്ക്. 

സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിസിന്റെ മൈഗ്രേഷൻ മോണിറ്ററിങ് സ്റ്റഡിയുടെ കണക്കുപ്രകാരം 1991 മുതൽ 2008 വരെയുള്ള തുടർച്ചയായ വർഷങ്ങളിൽ പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിൽ വർധനയാണ് ഉണ്ടായിട്ടുള്ളത്. 1991ൽ ഇത് 3025 കോടി രൂപയായിരുന്നു എങ്കിൽ 2008ൽ ഇത് 43,288 കോടി രൂപയാണ്. തൊണ്ണൂറു ശതമാനം പ്രവാസികൾ കഴിയുന്ന ഗൾഫിൽ നിന്നാണ് ഇത്രയും വലിയ തുക കേരളത്തിലെത്തിയത്. 2008ലെ കണക്കുകൾ മാത്രം എടുക്കുമ്പോൾ ഒരു കുടുംബത്തിലേക്ക് ശരാശരി വിദേശത്തു നിന്ന് എത്തിയ പണം 57,227 രൂപയാണ്.

2021ലെത്തുമ്പോൾ ഈ തുക ഇരട്ടിയോളം വർധിച്ചിട്ടുണ്ടാകാനാണ് സാധ്യത. അതേസമയം, കോവിഡ് പ്രതിസന്ധിയോടെ ഇതിൽ ഗണ്യമായ കുറവുവരും. 2018ലെ റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കെത്തുന്ന മൊത്തം പ്രവാസി പണത്തിന്റെ 19 ശതമാനവും എത്തുന്നത് കേരളത്തിലാണ്. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും (16.7%) കർണാടകയും (15%) തമിഴ്‌നാടും (8%) കേരളത്തിന്റെ പിറകിലാണ് വരുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻകുറവുണ്ടാകുമെന്ന് നേരത്തെ ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസിപ്പണത്തിൽ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക എന്നാണ് സ്വിസ് ബാങ്കിങ് ഗ്രൂപ്പായ യുബിഎസ് പ്രവചിച്ചിരുന്നത്.

ബാങ്കുകളിലെ പ്രവാസി നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുന്ന സാഹചര്യവും പ്രതീക്ഷിക്കപ്പെടുന്നു. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇത് ബാങ്കുകളിലും പ്രതിസന്ധിയുണ്ടാക്കും. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തിരിച്ചു പോകാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ വിശദമായ പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡിനെ തുടർന്നുള്ള തൊഴിൽ നഷ്ടം ഗൾഫിനെ മാത്രം ബാധിക്കുന്നതല്ല. മഹാരാമാരി മൂലം ആഗോളതലത്തില്‍ ഏകദേശം ഇരുപത് കോടി പേർക്ക് തൊഴിൽ നഷ്ടസാധ്യതയുണ്ട് എന്നാണ് കണക്കുകൾ. അറബ് രാഷ്ട്രങ്ങളിൽ മാത്രം ആകെ തൊഴിൽ സാധ്യതയുടെ 33.2 ശതമാനവും ഇല്ലാതാകും എന്നാണ് 2020 ഏപ്രിലിൽ ബിബിസി പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News