മനുഷ്യക്കടത്ത് കേസ് : ഇരകളിപ്പോഴും നിയമമസഹായം പോലുമില്ലാതെ ജയിലില്‍
പാലക്കാട് മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് ഇരകളെ
പാലക്കാട് മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചത് ഇരകളെ. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഞ്ചു പുരുഷന്മാരാണ് നിയമസഹായം പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ച നിലയിലാണിപ്പോള്‍.
മനുഷ്യക്കടത്ത് കേസില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള പ്രധാന ഏജന്‍റുമാരെ പൊലീസിന് പിടികൂടാനായില്ല. പകരം കുടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന ഝാര്‍ഖണ്ഡുകാരായ അഞ്ച് പുരുഷന്മാരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. ജാമ്യാപേക്ഷ പോലും നല്‍കാതെ ഒരു മാസത്തോളമായി അഞ്ചുപേരും ഒറ്റപ്പാലം സബ് ജയിലിലാണ്. മനുഷ്യക്കടത്ത്, ബാലനീതി തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരകളായി പരിഗണിച്ച് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഭര്‍ത്താക്കളും മക്കളുമാണ് ജയിലില്‍ കഴിയുന്ന പുരുഷന്മാര്‍. നിരക്ഷരരും ആദ്യമായി നാടുവിട്ട് പുറത്തേക്ക് യാത്ര ചെയ്തവരുമാണ് ഇവര്‍. റയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് ജോലിക്കായി കൊണ്ടുവരുന്നതിനിടയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 36 ഇതരസംസ്ഥാനക്കാരെ ഷൊര്‍ണൂരില്‍ നിന്നും റയില്‍വേ പൊലീസ് പിടികൂടിയത്. ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില് നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. ഒഡീഷയില്‍ നിന്നുള്ള ആറു പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എണറാകുളത്തെ ഒരു ചെമ്മീന്‍ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്ത് നടത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ഗള്‍ഫ് നാടുകളില്‍ ചതിയില്‍പെട്ട് ജയിലില്‍ കഴിയുന്ന മലയാളികളെക്കുറിച്ച് നമ്മള്‍ വ്യാകുലപ്പെടാറുണ്ട്. എന്നാല്‍ കൊടും ദാരിദ്യത്തില്‍ നിന്ന് മോചനം തേടി നമ്മുടെ നാട്ടിലെത്തിയ ഈ യുവാക്കളെ ജയിലില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഇവിടെ ആരുമില്ലാതെ പോകുന്നതെന്തുകൊണ്ടാണ്.