ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി: ഹൈകമാന്‍ഡ് ഇടപെടുന്നു

Update: 2017-06-25 22:05 GMT
Editor : Sithara
ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി: ഹൈകമാന്‍ഡ് ഇടപെടുന്നു

ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി പരിഹരിക്കാന്‍ ഹൈകമാന്‍ഡ് നീക്കം തുടങ്ങി

Full View

ഡിസിസി പുനസംഘടനയെ തുടര്‍ന്ന് നിസഹകരണം തുടരുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ശ്രമം. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടിയെ വിളിച്ച് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു.

ഡിസിസി പുനസംഘടനയില്‍ എ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി പാര്‍ട്ടി നേതൃത്വവുമായി നിസഹകരണം തുടങ്ങിയത്. നേതൃയോഗങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹൈകമാന്‍ഡ് ഇപ്പോള്‍ ആരംഭിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചു. ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്താമെന്നാണ് മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്. ഡല്‍ഹി ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ഉമ്മന്‍ചാണ്ടി മുകള്‍ വാസ്നികിനെ അറിയിക്കുകയും ചെയ്തു.

Advertising
Advertising

എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സമയം ലഭിക്കുന്നതനുസരിച്ച് ഡല്‍ഹിയാത്ര ഉണ്ടാകുമെന്നാണ് സൂചന. ഡിസിസി പുനസംഘടന സംബന്ധിച്ച എ വിഭാഗത്തിന്‍റെ ആശങ്ക അറിയിക്കുക, കെപിസിസി ഭാരവാഹി നിയമനത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുക, സംഘടനാ തെരഞ്ഞെടുപ്പ് കഴിയും വേഗം നടത്താമെന്ന് ഉറപ്പ് ലഭിക്കുക എന്നിവയായിരിക്കും ഉമ്മന്‍ചാണ്ടി ഡല്‍ഹി ചര്‍ച്ചയിലൂടെ ലക്ഷ്യം വെക്കുക. ചര്‍ച്ച ഫലപ്രദമായാല്‍ പാര്‍ട്ടി നേതൃവുമായുള്ള നിസഹകരണം ഉമ്മന്‍ചാണ്ടി അവസാനിപ്പിക്കും. ഹൈകമാന്‍ഡ് തന്നെ ഇടപെട്ട് ചര്‍ച്ച നടത്തിയാല്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വവും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News