ഫോണും ഇമെയിലും ചോര്‍ത്തുന്നതായി ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍
ഫോണും ഇമെയിലും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വിജിലന്‍സ് ഡയറക്ടര്‍ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. . പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്‍റെ ഫോണ്‍ ചോര്‍ത്തുന്നെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജേക്കബ് തോമസ് വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിന് ഫിയര്‍ സൈക്കോസിസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഫോണും ഇമെയിലും ചോര്‍ത്തിയെന്ന ജേക്കബ് തോമസിന്റെ പരാതിയും പൊലീസ് തലപ്പത്തെ തര്‍ക്കങ്ങളും സര്‍ക്കാറിന്റെ പ്രതിഛായ കെടുത്തിയെന്ന് പ്രതിപക്ഷം. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആണ് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.