സിപിഐക്ക് എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശം

Update: 2018-02-08 20:49 GMT
Editor : Sithara
സിപിഐക്ക് എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശം

തോമസ് ചാണ്ടി രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐക്കെതിരെ ഇടത് മുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശം

തോമസ് ചാണ്ടി രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐക്കെതിരെ ഇടത് മുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശം. സിപിഐ മുന്നണി മര്യാദയുടെ ലംഘനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പറഞ്ഞു. ബഹിഷ്കരണത്തെ ന്യായീകരിക്കാന്‍ സിപിഐ ശ്രമിച്ചെങ്കിലും സിപിഎം നിലപാടിനെ മറ്റ് പാര്‍ട്ടികളും പിന്തുണച്ചു.

Advertising
Advertising

Full View

കായല്‍ കയ്യേറ്റത്തിന്‍റെ പേരില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശം ഏല്‍ക്കേണ്ടി വന്നിട്ടും തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ച് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. സിപിഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി അന്ന് തന്നെ പരസ്യവിമര്‍ശം ഉന്നയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തു. മുന്നണി മര്യാദ ലംഘിക്കുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചാണ്ടി രാജിവെയ്ക്കുമെന്ന് ഉറപ്പുണ്ടായിട്ടും യോഗം ബഹിഷ്കരിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചതെന്നും സിപിഐ മുന്നണി മര്യാദ ലംഘിച്ചിട്ടില്ലെന്നും കാനം വിശദീകരിച്ചു. എന്നാല്‍ സിപിഎമ്മിന്‌‍റെ നിലപാടിനാണ് യോഗത്തില്‍ പിന്തുണ ലഭിച്ചത്. വിഷയത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തയ്യാറായില്ല.

ജെഡിയുടെ അടക്കമുള്ള പാര്‍ട്ടികളുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല. സംസ്ഥാനത്ത് പാറക്ഷാമം രൂക്ഷമായത് മൂലം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീരുമാനങ്ങളെടുക്കാന്‍ മുന്നണി യോഗം സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News