രാമഭദ്രന്‍ കൊലക്കേസ്: സിപിഎമ്മില്‍ ഭിന്നത രൂക്ഷം

Update: 2018-03-23 13:48 GMT
രാമഭദ്രന്‍ കൊലക്കേസ്: സിപിഎമ്മില്‍ ഭിന്നത രൂക്ഷം

കേസില്‍ പ്രതിയായ അഞ്ചല്‍ ഏരിയാ സെക്രട്ടറി ഒളിവില്‍ പോയതിനെതിരെ ഏരിയാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശമുയര്‍ന്നു.

Full View

രാമഭദ്രന്‍ കൊലക്കേസിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. കേസില്‍ പ്രതിയായ അഞ്ചല്‍ ഏരിയാ സെക്രട്ടറി ഒളിവില്‍ പോയതിനെതിരെ ഏരിയാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശമുയര്‍ന്നു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശം. കേസില്‍ രഹസ്യമൊഴി കൊടുത്ത ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടി താക്കീത് ചെയ്യും.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് രാമഭദ്രന്‍ വധക്കേസിന്റെ പേരില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി നിലപാടെടുക്കുമ്പോഴും പ്രതിയായ ഏരിയാ സെക്രട്ടറി പി എസ് സുമന്‍ ഒളിവില്‍ പോയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു. ജില്ലാ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ബാബു പണിക്കര്‍ കീഴടങ്ങിയത് ചൂണ്ടിക്കാട്ടിയ അംഗങ്ങള്‍ പി എസ് സമുന്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയാണെന്നും ആരോപിച്ചു.

Advertising
Advertising

ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ഏരിയാ കമ്മിറ്റി ചേര്‍ന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ ദുര്‍ബല ചിന്താഗതിക്കാരാണെന്ന് സ്വയം തെളിയിക്കരുതെന്ന് കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ മറുപടി നല്‍കി. പാര്‍ട്ടിയറിയാതെ രഹസ്യമൊഴി നല്‍കിയ ഡിവൈഎഫ്ഐ നേതാവിനെ ശാസിക്കാനും സിപിഎം തീരുമാനിച്ചു. ഒളിവില്‍ കഴിയുന്ന പി എസ് സുമന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. സുമന്‍ ഒളിവില്‍ പോയത് അടുത്ത കൊല്ലം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും.

Tags:    

Similar News