ഏഴ് വയസ്സുകാരനെ അമ്മാവന്‍ വെട്ടിയത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനെന്ന് മൊഴി
കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഏഴ് വയസുളള മകനെ സിപിഎം പ്രവര്‍ത്തകനായ അമ്മാവന്‍ വെട്ടിയത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനെന്ന് മൊഴി
കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഏഴ് വയസുളള മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് കുട്ടിയുടെ അമ്മാവന്‍. ഭര്‍ത്താവിനോടുളള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് കുട്ടിയെ വെട്ടിപ്പരിക്കേല്പപ്പിച്ചതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. എന്നാല്‍ സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കാണെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
ഇന്നലെ രാത്രിയാണ് മുഴക്കുന്ന് അങ്ങാടിച്ചാലിലെ ബിജെപി പ്രവര്‍ത്തകനായ എടക്കാട്ടില്‍ രാഹുലിന്റെ ഏഴ് വയസുളള മകന്‍ കാര്‍ത്തിക്കിന് വീട്ടില്‍ വെച്ച് വെട്ടേറ്റത്. കുട്ടിയുടെ അമ്മാവനും സിപിഎം പ്രവര്‍ത്തകനുമായ മനുവാണ് കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇടത് കൈക്ക് വെട്ടേറ്റ കാര്‍ത്തിക്കിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശാസ്ത്രക്രിയക്ക് വിധേയനാക്കി. അമ്മയെ ആക്രമിക്കാന്‍ ശ്രമിക്കവെ തടയാനെത്തിയപ്പോഴാണ് അമ്മാവന്‍ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് കുട്ടി പറയുന്നു.
ബിജെപി പ്രവര്‍ത്തകനായ കാക്കയങ്ങാട്ടെ സന്തോഷിനെ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് മനു. ഈ കേസില്‍ സാക്ഷി പറഞ്ഞ വൈരാഗ്യത്തില്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താനാണ് മനു വീട്ടിലെത്തിയതെന്ന് സഹോദരി രമ്യ പറയുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രമ്യ. തെരഞ്ഞെടുപ്പിന് ശേഷം രമ്യയുടെ വീടിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ റീത്ത് വെച്ചതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കുടുംബ വഴക്കാണ് കാരണമെന്നും സിപിഎം നേതൃത്വം അറിയിച്ചു.