വെള്ളമില്ല, വൈദ്യുതിയില്ല, പണവുമില്ല: കെസ്ഇബി പ്രതിസന്ധിയില്‍‌

Update: 2018-05-08 11:56 GMT
വെള്ളമില്ല, വൈദ്യുതിയില്ല, പണവുമില്ല: കെസ്ഇബി പ്രതിസന്ധിയില്‍‌

ബോര്‍ഡിന്റെ പ്രതിദിന നഷ്ടം നാല് കോടി രൂപ

കാലാവസ്ഥ പ്രതികൂലമാവുകയും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി താഴുകയും ചെയ്തതോടെ കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിദിനം 4 കോടി രൂപയുടെ നഷ്ടത്തിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 30 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചതിനാല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് ബോര്‍ഡിനെ വലക്കുന്നത്.

Full View

കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ 30 ശതമാനം ജലവൈദ്യുത പദ്ധതികളില്‍ നിന്നും 30 ശതമാനം സ്വകാര്യ വൈദ്യുത നിലയങ്ങളില്‍ നിന്നും 40 ശതമാനം കേന്ദ്ര ഗ്രിഡില്‍ നിന്ന് ലഭ്യമാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ സംഭരണികളിലെ ജലം നിരപ്പില്‍ കുറഞ്ഞതിനാല്‍ ഉത്പാദനം 12 ശതമാനമായി കുറച്ചു. ബാക്കി ആവശ്യമായി വരുന്ന മുഴുവന്‍ വൈദ്യുതിയും കേന്ദ്ര ഗ്രിഡില്‍ നിന്നും ഛത്തീസ്‍ഗഢ്, ബംഗാള്‍, മധ്യപ്രദേശ് മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള സ്വകാര്യനിലയങ്ങളില്‍ നിന്നുമാണ് കെഎസ്ഇബി ലഭ്യമാക്കുന്നത്.

Advertising
Advertising

യൂണിറ്റിന് 3.25 രൂപമുതല്‍ 4.75 വരെയാണ് സ്വകാര്യ നിലയങ്ങളുടെ നിരക്ക്. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് 3 രൂപയാണ്. വിതരണ ചെലവ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കെഎസ്ഇബിയുടെ ചെലവ് യൂണിറ്റിന് 6.33 രൂപ. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു യൂണിറ്റ് വൈദ്യുതിയുടെ ശരാശരി വില 5.25 രൂപ. ഉത്പാദന ചെലവ് യൂണിറ്റിന് 50 പൈസയില്‍ താഴെയുള്ള ജലവൈദ്യുതിയുടെ അഭാവം കെഎസ്ഇബിക്ക് ഇപ്പോള്‍ പ്രതിമാസം നല്‍കുന്നത് 100 കോടിയോളം രൂപയുടെ നഷ്ടം. പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുന്നതും കെഎസ്ഇബിയുടെ നഷ്ടം കൂട്ടി. മികച്ച വേനല്‍ മഴ ലഭിക്കുകയും മണ്‍സൂണ്‍ കൃത്യസമയത്ത് ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ പ്രതിസന്ധി അതിരൂക്ഷമാകും.

കൂടാതെ കടുത്ത വരള്‍ച്ചമൂലം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയില്‍ അവശേഷിക്കുന്നത് ഇപ്പോള്‍ 17 ശതമാനം വെള്ളം മാത്രം. മെയ് അവസാന വാരം വരെ ഉപയോഗിക്കാവുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പീക്ക് സമയത്ത് മാത്രമാണ് മൂഴിയാര്‍ പവര്‍ ഹൌസില്‍ ഉത്പാദനം നടക്കുന്നത്.

Full View

ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിലെ പരമാവധി ജലനിരപ്പ് 941.21 മീറ്ററും കൊച്ചുപമ്പയിലേത് 963.15 മീറ്ററുമാണ്. എന്നാല്‍ ഇതിന്റെ 17 ശതമാനം മാത്രമാണ് സംഭരണികളില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 30 ശതമാനം വെള്ളം സംഭരണികളില്‍ ഉണ്ടായിരുന്നെന്നാണ് കെഎസ്ഇബിയുടെ കണക്ക്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഉത്പാദനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി മൂഴിയാര്‍ പവര്‍ ഹൌസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഉപഭോഗം കൂടുതലുള്ള പീക്ക് അവറില്‍ മാത്രമാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. ഇത്തരത്തില്‍ ഉത്പാദനം പരിമിതപ്പെടുത്തിയിട്ട് പോലും മെയ് അവസാന വാരം വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് സംഭരണികളില്‍ ഉള്ളത്. ചെറിയ തോതില്‍ വേനല്‍മഴ ലഭിച്ച് തുടങ്ങിയത് ആശ്വാസകരമായെങ്കിലും മണ്‍സൂണിന്റെ വരവിനെ ആശ്രയിച്ചായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ നിശ്ചയിക്കേണ്ടിവരികയെന്ന് മൂഴിയാര്‍ പവര്‍ ഹൌസ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News