ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ടവരെ തിരുവനന്തപുരത്തെത്തിച്ചു

Update: 2018-05-08 09:22 GMT
ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ടവരെ തിരുവനന്തപുരത്തെത്തിച്ചു
Advertising

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആദ്യ സംഘത്തില്‍ 38 മലയാളികളടക്കം 155 പേരാണ് ഉള്ളത്.

Full View

ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആദ്യ സംഘത്തില്‍ 38 മലയാളികളടക്കം 155 പേരാണ് ഉള്ളത്.

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ അകപ്പെട്ട 600 ഇന്ത്യക്കാരില്‍ 155 ഇന്ത്യക്കാരെയാണ് ഇന്ന് പുലര്‍ച്ചെ തിരുവനനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജുബലില്‍ നിന്ന് ഇന്നലെ വൈകീട്ടാണ് പുറപ്പെട്ടത്. ആദ്യ വിമാനമാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയത്. ഇതില്‍ 38 മലയാളികളാണ് ഉള്ളത്. 9 സ്ത്രീകളും മൂന്ന് കുട്ടികളും ആദ്യ സംഘത്തിലുണ്ട്.

വലിയ പ്രയാസങ്ങളില്ലാതെ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ദക്ഷിണ സുഡാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. വി കെ സിംഗ് സുഡാനിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയായിരുന്നു.

സുഡാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം 11.30 ഓടെ ഡല്‍ഹി വിമാനത്താവളത്തിലെത്തും. രണ്ടാം സംഘത്തിലും 150 ഓളം ആളുകളാണ് ഉള്ളത്.

തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ മലയാളികള്‍ക്ക് പുറമെ തമിഴ്‍നാട്, കര്‍ണാടക സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതല്‍ പേരും. ആസാം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും നേപ്പാളില്‍ നിന്നുള്ള രണ്ടുപേരും സംഘത്തിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകരും സുഡാനില്‍ നിന്നെത്തിയവരെ സ്വീകരിച്ചു.

കുറച്ച് പേര്‍ കൂടി ദക്ഷിണ സുഡാനിലുണ്ടെന്ന് തിരികെ നാട്ടിലെത്തിയവര്‍ പറഞ്ഞു. ആഭ്യന്തരകലാപം മൂലം അവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടിലെത്തിയവര്‍ പറയുന്നു. ചിലര്‍ വന്‍തോതില്‍ അവിടെ പണം നിക്ഷേപിച്ചതിനാല്‍ അതെല്ലാം ഉപേക്ഷിച്ച് വരണമെന്നതിനാല്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ മടിക്കുകയാണ്. എത്തിയവരില്‍ പോലും ചിലര്‍ മറ്റു ജീവിതോപാധികളില്ലാത്തതിനാല്‍ അവിടേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.

Tags:    

Similar News