ഭിന്നലിംഗക്കാരുടെ പുനരധിവാസം : വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2018-05-13 05:38 GMT
ഭിന്നലിംഗക്കാരുടെ പുനരധിവാസം : വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം; ഭിന്നലിംഗക്കാരം വികലാംഗരായി കണക്കാക്കാമെന്നും കമ്മീഷന്‍

Full View

ഭിന്നലിംഗക്കാരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് മൂന്ന് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൊച്ചിയില്‍ ഭിന്നലിംഗക്കാരെ ജീവിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാരോപിച്ച് സെക്ഷ്വല്‍ ആന്റ് ജെന്റര്‍ മൈനോരിറ്റീസ് എന്ന സംഘടന സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഭിന്നലിംഗക്കാരായി ജനിച്ചത് ആരുടേയും കുഴപ്പം കൊണ്ടല്ലെന്നും എല്ലാവര്‍ക്കും ഉള്ളതുപോലെ മൌലികാവകാശങ്ങള്‍ അവര്‍ക്കുമുണ്ടെന്നും കമ്മീഷന്‍ ഉത്തരവിലൂടെ വ്യക്തമാക്കി. ‌

Advertising
Advertising

ആരും ജോലി നല്‍കാത്തതിനാലാണ് ഇവര്‍ക്ക് ഭിക്ഷ യാചിച്ചും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടും ജീവിക്കേണ്ടിരുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ടെന്നും അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി സുപ്രീംകോടതി തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെടാത്ത ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും റിട്ടേര്‍ഡ് ജഡ്ജി ജെ ബി കോശി ഉത്തരവിട്ടു.

സര്‍ക്കാരിതര സാമൂഹ്യസംഘടനകളുമായി ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തണം. ഇവരെ വികലാംഗരായി കണക്കാക്കാമെന്നും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്കും അനുവദിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇവരനുഭവിക്കുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച് മൂന്ന് മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News