സത്യപ്രതിജ്ഞ ബുധനാഴ്‍ച; സിപിഎമ്മിന് 13 മന്ത്രിമാര്‍

Update: 2018-05-14 18:45 GMT
Editor : admin
സത്യപ്രതിജ്ഞ ബുധനാഴ്‍ച; സിപിഎമ്മിന് 13 മന്ത്രിമാര്‍
Advertising

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭാ പ്രാതിനിധ്യം നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമാകും; ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് ധാരണ; വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിക്ക് തുല്യമായ പദവിയില്‍ സര്‍ക്കാരിന്‍റെ ഭാഗമാക്കാന്‍ സിപിഎം ശ്രമം;

Full View

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വരുന്ന ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനമെടുക്കും. ഒരംഗം മാത്രമുള്ള ഘടകക്ഷികളില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് നിലവിലെ ധാരണ.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമെടുക്കാനായതോടെ മന്ത്രിസഭാ രൂപീകരണം അഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിന്റെ ലക്ഷ്യം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സിപിഎം മന്ത്രിമാരെ നിശ്ചയിക്കും.

സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ 13 പേരുടെ പ്രാതിനിധ്യം ഇത്തവണ മന്ത്രിസഭയിലുണ്ടാകും. വി എസ് മന്ത്രിസഭയിലെ തോമസ് ഐസക്, ജി സുധാകരന്‍, എ കെ ബാലന്‍, എസ് ശര്‍മ്മ തുടങ്ങിയവര്‍ ഇത്തവണയുമുണ്ടാകും. ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍, കെ കെ ഷൈലജ ടീച്ചര്‍, പി ശ്രീരാമകൃഷ്ണന്‍, എം എം മണി, കടകംപള്ളി സുരേന്ദ്രന്‍, മെഴ്സിക്കുട്ടിയമ്മ, ഐഷാപോറ്റി, സുരേഷ് കുറുപ്പ് എന്നിവരും പട്ടികയിലുണ്ട്. കൂടാതെ സിപിഎം സ്വതന്ത്രനായി ജയിച്ച കെ ടി ജലീലിനെയും സജീവമായി പരിഗണിക്കുന്നുണ്ട്. ‌

സിപിഐയില്‍ നിന്ന് 4 മന്ത്രിമാരാകും ഉണ്ടാവുക. ജെ ഡി എസിനും എന്‍സിപിക്കും കോണ്‍ഗ്രസ് എസിനും ഓരോ മന്ത്രിമാര്‍. ഘടകക്ഷികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്ന് മന്ത്രിമാരെ നിശ്ചയിക്കും. മുന്നണിയിലുളള മറ്റുള്ളവരെ ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലേക്ക് പരിഗണിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News