സിപിഐയെ നിലയ്ക്ക് നിര്‍ത്തണം, അല്ലെങ്കില്‍ പുറത്താക്കണം: സിപിഎം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശം
സിപിഐക്ക് ജില്ലയില്‍ മറുപടി പറയുന്നതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ രൂക്ഷ വിമർശം. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സിപിഐ സ്വീകരിക്കുന്നത്. സിപിഐയെ നിലയ്ക്ക് നിര്‍ത്തണമെന്നും അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കി കേരളാ കോണ്‍ഗ്രസിനെ സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ നിലപാട് അറിയിച്ചു. സിപിഐക്ക് ജില്ലയില്‍ മറുപടി പറയുന്നതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ടിലും ചര്‍ച്ചയിലുമാണ് സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്. മുന്നണി യോഗത്തില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് സിപിഐ സ്വീകരിക്കുന്നത്. സിപിഐയെ നിലയ്ക്ക് നിര്‍ത്തണം. ജില്ലയില്‍ സിപിഐ കര്‍ഷകവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് തടയിടാന്‍ സിപിഐ നേതാവ് പി പ്രസാദ് ഹരിത ട്രിബ്യൂണലിനെ സമീച്ച നടപടി ശരിയായില്ല. ഈ നിലയില്‍ സിപിഐയെക്കാളും മുന്നണിയില്‍ ആവശ്യം കേരളാ കോണ്‍ഗ്രസ് ആണെന്നും ചര്‍ച്ചയില്‍ പൊതുവികാരമുയര്‍ന്നു.
സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ സിപിഎം ജില്ലാ നേതൃത്വം പരാജയപ്പെടുന്നുവെന്നും മന്ത്രി എം എം മണി മാത്രമാണ് പലപ്പോഴും മറുപടി നല്‍കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. കാനം രാജേന്ദ്രൻ സൂപ്പർ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുന്നുവെന്നും വിമര്‍ശമുണ്ടായി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ പേരെടുത്തും പ്രതിനിധികള്‍ വിമര്‍ശം ഉന്നയിച്ചു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സിപിഎമ്മില്‍നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ സിപിഐ ശ്രമിക്കുന്നതായും ഇതിന് തടയിടണമെന്നും അംഗങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സമ്മേളനത്തിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ചയാണ് നടക്കുക. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടുക്കി ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തത്.