വയനാട്ടില്‍ മാറ്റിപ്പാര്‍പ്പിയ്ക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

Update: 2018-05-26 22:44 GMT
Editor : admin
വയനാട്ടില്‍ മാറ്റിപ്പാര്‍പ്പിയ്ക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപത്തെ കരിങ്കണ്ണിക്കുന്ന് കോളനിയില്‍ മാറ്റിയ കുടുംബങ്ങളാണ് അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ആദിവാസി വകുപ്പ് ഫണ്ട് നല്‍കാത്തതിനാല്‍ വീടു നിര്‍മാണവും പാതിയില്‍ നിലച്ചു.

Full View

വയനാട്ടില്‍, ആശിയ്ക്കും ഭൂമി ആദിവാസിയ്ക്ക് സ്വന്തം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിയ്ക്കപ്പെട്ട കുടുംബങ്ങള്‍ ദുരിതത്തിലാണ്. ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപത്തെ കരിങ്കണ്ണിക്കുന്ന് കോളനിയില്‍ മാറ്റിയ കുടുംബങ്ങളാണ് അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ആദിവാസി വകുപ്പ് ഫണ്ട് നല്‍കാത്തതിനാല്‍ വീടു നിര്‍മാണവും പാതിയില്‍ നിലച്ചു.

Advertising
Advertising

കൊടും കാട്ടില്‍ നിന്നു സുരക്ഷിതമായിടത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വളരെ പ്രതീക്ഷയോടെയാണ് ഈ കുടുംബങ്ങള്‍ കണ്ടത്. പദ്ധതി പ്രകാരം കാട്ടുനായ്ക വിഭാഗത്തില്‍പ്പെട്ട പതിനഞ്ച് കുടുംബങ്ങളെ, 2014 ഡിസംബറിലാണ് തരിയോട് പതിനൊന്നാം മൈലിലെ സ്വകാര്യ വ്യക്തിയില്‍ നിന്നു വിലകൊടുത്തു വാങ്ങിയ അഞ്ചേക്കര്‍ ഭൂമിയിലേയ്ക്ക് മാറ്റിയത്. ഒന്നര വര്‍ഷം പിന്നിടുമ്പോഴും വീട് അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി ജീവിച്ചിരുന്ന ഇവര്‍ക്കിപ്പോള്‍, ജീവിതം മുന്പോട്ടു കൊണ്ടുപോകാന്‍ സാധിയ്ക്കാത്ത അവസ്ഥയാണ്.

ഈ വര്‍ഷം ജനുവരിയിലാണ് വീടു നിര്‍മാണം ആരംഭിച്ചത്. ആദിവാസി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞ കരാറുകാരന് നിര്‍മാണം നല്‍കാത്തതാണ് വീടുകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. കോളനിക്കാര്‍ ഏല്‍പിച്ച കരാറുകാരന്‍ സ്വന്തം കയ്യില്‍ നിന്നു പണം മുടക്കിയാണ് പതിനഞ്ച് വീടുകളുടെയും തറകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

കഴിഞ്ഞ നാല് മാസമായി, സര്‍ക്കാറില്‍ നിന്നു ഫണ്ട് ലഭിയ്ക്കാത്തതാണ് വീടു നിര്‍മാണം നിലയ്ക്കാന്‍ കാരണമെന്നാണ് ആദിവാസി വകുപ്പിന്‍റെ വിശദീകരണം. വലിയ ബലമില്ലാത്ത കുടിലുകളില്‍, ഈ മഴക്കാലം എങ്ങനെ തള്ളി നീക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News