ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ മറവില്‍ കെഎസ്ഇബിയുടെ ധൂര്‍ത്ത്
110 ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തിന്‍റെ ചിലവ് 55 ലക്ഷം രൂപ.
ദക്ഷിണേന്ത്യന്‍ വൈദ്യുതി ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ മറവില്‍ കെഎസ്ഇബിയുടെ ധൂര്‍ത്ത്. രണ്ട് ദിവസങ്ങളായി കോവളം ലീലാ ഹോട്ടലില്‍ നടക്കുന്ന യോഗത്തിനായി കെഎസ്ഇബി ചിലവിട്ടത് 55 ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കെഎസ്ഇബി ആര്‍ഭാട യോഗം നടത്തിയത്. മീഡിയവണ്‍ എക്സ്ക്ലുസിവ്.
എസ്ആര്‍പിസി എന്ന പേരില്‍ അറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ വൈദ്യുതി കമ്പനികളുടെ ത്രൈമാസിക യോഗമാണ് ഇന്നലെയും ഇന്നുമായി കോവളം ലീലാ ഹോട്ടലില്‍ നടക്കുന്നത്. ഓരോ തവണയും യോഗം നടക്കുന്ന സ്ഥലത്തെ വൈദ്യുതി കമ്പനികളാണ് ചിലവ് വഹിക്കേണ്ടത്. കേരളത്തില്‍ നടക്കുന്ന യോഗത്തിന്‍റെ ചിലവ് സ്വാഭാവികമായും കെഎസ്ഇബിയാണ് വഹിക്കുക. 110 ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തിന്‍റെ ചിലവ് 55 ലക്ഷം രൂപ.
താമസത്തിനും ഭക്ഷണത്തിനും മാത്രം 40 ലക്ഷം രൂപയാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബവുമായാണ് എത്തിയിരിക്കുന്നത്. ഇവരുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ഭക്ഷണവും കൂടി പരിഗണിക്കുമ്പോഴാണ് ഇത്രയും വലിയ തുകയാകുന്നത്. പരിപാടി നടത്തിപ്പിനായി നാല് ലക്ഷം രൂപയും യാത്രക്ക് നാലരലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്. കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക ചിലവായതായും സൂചനയുണ്ട്.
വൈദ്യുതി ചാര്‍ജ് വര്‍ധനക്കായി ചിലവ് കൂടുന്നത് കാരണമായി പറയുന്ന കെഎസ്ഇബി ആണ് മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനായി ലക്ഷങ്ങള്‍ പൊടിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേരുന്നത് വര്‍ധിക്കുന്നതായും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.