ഹാദിയയെ സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന് നാഗ്പൂരില്‍ നിന്നുള്ള അനുമതി വേണോ? പി കെ ഫിറോസ്

Update: 2018-05-28 23:32 GMT
Editor : Sithara
ഹാദിയയെ സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന് നാഗ്പൂരില്‍ നിന്നുള്ള അനുമതി വേണോ? പി കെ ഫിറോസ്

ഹാദിയയെ സന്ദര്‍ശിക്കാന്‍ തടസ്സമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ വാദം അസ്ഥാനത്താണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം തെളിയിക്കുന്നത്

ഹാദിയയെ സന്ദര്‍ശിക്കാതെ സംസ്ഥാന വനിതാ കമ്മീഷന്‍ ഇനിയും കാത്തിരിക്കുന്നത് നാഗ്പൂരില്‍ നിന്നുള്ള അനുമതിക്ക് വേണ്ടിയാണോ എന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഗെയില്‍ വിരുദ്ധ സമരത്തെ കയ്യൂക്ക് കൊണ്ട് നേരിടുന്നത് സിപിഎമ്മിന്റെ വികസന വിരുദ്ധ ലേബല്‍ മാറ്റാനാണോയെന്നും ഫിറോസ് ചോദിച്ചു. ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

Full View

അഞ്ച് മാസത്തിലധികമായി വീട്ടുതടങ്കലില്‍ കഴിയുന്ന യുവതിക്ക് നേരെ പീഡനങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടും സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ സര്‍ക്കാറോ സംസ്ഥാന വനിതാ കമ്മീഷനോ തയ്യാറാവാത്തത് അന്യായമാണെന്ന് പി കെ ഫിറോസ് പറഞ്ഞു. ഹാദിയയെ സന്ദര്‍ശിക്കാന്‍ തടസ്സമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ വാദം അസ്ഥാനത്താണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. നാഗ്പൂരില്‍ നിന്നുള്ള അനുമതിക്ക് വേണ്ടിയാണോ ഇടത് സര്‍ക്കാറും വനിതാ കമ്മീഷനും കാത്തിരിക്കുന്നതെന്നും ഫിറോസ് ചോദിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഗെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നീക്കം ഇടതുപക്ഷത്തിനുമേലുള്ള വികസന വിരുദ്ധരെന്ന ലേബല്‍ മാറ്റാനാണോയെന്നും ഫിറോസ് ചോദിച്ചു.

ധാര്‍മികതയുടെ പേരില്‍ ഇ പി ജയരാജനെയും ശശീന്ദ്രനെയും രാജിവെപ്പിച്ചവര്‍ തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് എന്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. നിരന്തരം വാക്കുമാറ്റി പറയുന്ന സരിതയുടെ മൊഴികളെ ആസ്പദമാക്കിയുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ ബാധിക്കില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഇടത് മുദ്രാവാക്യം സംഘപരിവാര്‍ ബാന്ധവത്തെയാണ് സൂചിപ്പിക്കുന്നതെന്നും പി കെ ഫിറോസ് കുറ്റപ്പെടുത്തി. ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദോഹയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News