കീഴാറ്റൂരില്‍ സിപിഎമ്മിന്റെ ബദല്‍ സമരം ഇന്ന്: പ്രദേശത്ത് കനത്ത സുരക്ഷ

Update: 2018-05-28 01:42 GMT
കീഴാറ്റൂരില്‍ സിപിഎമ്മിന്റെ ബദല്‍ സമരം ഇന്ന്: പ്രദേശത്ത് കനത്ത സുരക്ഷ

ബഹുജന റാലിയും കണ്‍വെന്‍ഷനും: പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തിന് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം സംഘടിപ്പിക്കുന്ന ബഹുജനറാലിയും കണ്‍വെന്‍ഷനും ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് കീഴാറ്റൂരില്‍ നിന്ന് ആരംഭിക്കുന്ന റാലിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ നേതൃത്വം നല്കും. സംഘര്‍ഷ സാധ്യതയുണ്ടെന്ന സ്‍പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

Full View

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നാളെ മൂന്നാംഘട്ട സമരം ആരംഭിക്കാനിരിക്കെയാണ് സമരത്തിന് പ്രതിരോധം തീര്‍ത്ത് ഇന്ന് സി.പി.എം ബഹുജന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചിരിക്കുന്നത്. മൂവായിരം പ്രവര്‍ത്തകരെ അണിനിരത്തി കീഴാറ്റൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് നടത്തുന്ന റാലിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ നേതൃത്വം നല്കും.

Advertising
Advertising

റാലി കീഴാറ്റൂര്‍ വയലിലെത്തുമ്പോള്‍ ബൈപ്പാസിന് സ്ഥലം വിട്ട് നല്കിയ ഭൂ ഉടമകള്‍ തങ്ങളുടെ വയലില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് സമ്മതമറിയിച്ചുളള പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് തളിപ്പറമ്പ് ടൌണില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

വയല്‍ക്കിളികളുടെ സമരത്തിന് എതിരായ സമരമല്ല സി.പി.എം നടത്തുന്നതെന്നും പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ നീക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും സി.പി.എം നേതൃത്വം പറയുന്നു.

നാടിന് കാവല്‍ എന്ന പേരില്‍ വയലില്‍ പന്തല്‍ കെട്ടുന്നതടക്കുളള തുടര്‍ പരിപാടികള്‍ക്കും സി.പി.എം പദ്ധതിയിട്ടിട്ടുണ്ട്. ഇതിനിടെ സംഘര്‍ഷസാധ്യതയുണ്ടന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News