ജനനേന്ദ്രിയം മുറിച്ചത് ഉദാത്തമായ കാര്യമെന്ന് പിണറായി വിജയന്‍

Update: 2018-05-29 02:00 GMT
ജനനേന്ദ്രിയം മുറിച്ചത് ഉദാത്തമായ കാര്യമെന്ന് പിണറായി വിജയന്‍

ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ...

യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തമായ ഒരു കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം.

Advertising
Advertising

Full View

പന്മന ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതി മുറിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഇയാള്‍.

കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 23 വയസ്സാണ് പ്രായം. വിദ്യാര്‍ത്ഥിയായിരിക്കെതന്നെ ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടെ ലൈംഗികതിക്രമമുണ്ടായപ്പോഴാണ് പെണ്‍കുട്ടി സ്വയംരക്ഷയ്ക്കായി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങളായി തളര്‍വാതം പിടിച്ച് കിടപ്പിലാണ്. അച്ഛന്റെ ചികിത്സയ്ക്കും പൂജ നടത്തിപ്പിനും എന്ന നിലയ്ക്കാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തുമെന്നറിഞ്ഞ പെണ്‍കുട്ടി കത്തി കൈയില്‍കരുതുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇന്നലെ ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞതിനാല്‍ ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Tags:    

Similar News