കർഷകർ കൂടുതൽ വഞ്ചിക്കപ്പെട്ടത് കോൺഗ്രസ് കാലത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളുടെ പാർട്ടി: കെ.എം മാണി

Update: 2018-05-30 10:56 GMT
കർഷകർ കൂടുതൽ വഞ്ചിക്കപ്പെട്ടത് കോൺഗ്രസ് കാലത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളുടെ പാർട്ടി: കെ.എം മാണി
Advertising

കസ്തൂരിരംഗൻ, ഗാഡ്ഗില്‍ വിഷയങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ കർഷകരെ വഞ്ചിച്ചുവെന്ന് മാണി കുറ്റപ്പെടുത്തി

കേരള കോൺഗ്രസ് ഇടത്തേക്ക് എന്ന വ്യക്തമായ സൂചന നല്കി പ്രതിച്ഛായയിൽ ലേഖനം. എന്തിന് സമദൂരം എന്ന പേരിൽ കെ എം മാണി എഴുതിയ ലേഖനത്തിൽ കോൺഗ്രസിനും ബിജെപിക്കും രൂക്ഷ വിമർശമാണ് ഉള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളുടെ പാർട്ടിയെന്ന് പ്രശംസയും ലേഖനത്തിലുണ്ട്.മാണിയുടെ സ്വരത്തില്‍ കേരള കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയം വ്യക്തമാണെന്ന് മുസ്‍ലിം ലീഗ് പ്രതികരിച്ചു.

Full View

മുന്നണി പ്രവേശന ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് കർഷക പ്രശ്നങ്ങൾ ഉയർത്തി കാട്ടി കോൺഗ്രസിനെതിരെയും ബി ജെ പി ക്കെതിരെയും കേരള കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത് കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച എന്തു കൊണ്ട് കേരള കോൺഗ്രസ് സമദൂരത്തില്‍ ? എന്ന ലേഖനത്തിൽ കർഷകർ കൂടുതൽ വഞ്ചിക്കപ്പെട്ടത് കോൺഗ്രസ് സർക്കാരുകളുടെ കാലത്താണെന്ന് കെഎം മാണി പറയുന്നു . ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയങ്ങളിൽ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതില്‍ അന്ന് ഭരണത്തിലിരുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ആശങ്ക പരിഹരിക്കന്നതിനായി താൻ ഇടപെട്ട് നടത്തിയ ശ്രമങ്ങളെയും സർക്കാർ നിലപാടുകൾ ബാധിച്ചു.

മലയോര കർഷകർക്ക് പട്ടയം നൽകുന്നതിൽ താൻ ഇടപെട്ട് വാങ്ങിയ അനുകൂല ഉത്തരവ് റദ്ദാക്കാൻ ചില കോൺഗ്രസ് നേതാക്കള്‍ ഇടപെട്ടു. മലയോര മേഖലയിൽ പാർട്ടിയുടെ വർദ്ധിച്ചു വരുന്ന ജനപിന്തുണയിൽ അസൂയ പൂണ്ടാണ് കോൺഗ്രസുകാർ ഇത്തരം ഒരു ശ്രമം നടത്തിയതെന്നും കെഎം മാണി കുറ്റപ്പെടുത്തുന്നു .കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ് ഇന്ത്യയിൽ കർഷക ആത്മഹത്യകൾ കൂടുതൽ നടന്നിട്ടുള്ളതെന്നും ലേഖനത്തിൽ പറയുന്നു. ബിജെ പി സർക്കാരിന്റെ കർഷക നയങ്ങളെയും കെഎം മാണി വിമർശിക്കുന്നുണ്ട്. എന്നാൽ സിപിഎമ്മിന് എതിരെ കാര്യമായ വിമർശങ്ങൾ ലേഖനത്തിലില്ല എന്നതും ശ്രദ്ധേയമാണ്. കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉയർത്തിക്കാട്ടാനും ശ്രമിച്ചിട്ടുണ്ട്. മലയോര മേഖലയിൽ കർഷകർക്കായി എകെജിയോടൊപ്പം നടത്തിയ സമരത്തെ ലേഖനത്തിൽ എടുത്തു പറയുന്നുണ്ട് . മാണിയുടെ സ്വരത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയം വ്യക്തമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പറഞ്ഞു. എന്തായാലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് മാണിയുടെ ലേഖനം.

Tags:    

Similar News