വനിതാ ലീഗ് ഭാരവാഹികളെ ചൊല്ലി തര്‍ക്കം; ഭാരവാഹികളെ പ്രഖ്യാപിക്കാനായില്ല

Update: 2018-05-31 11:03 GMT
Editor : Jaisy
വനിതാ ലീഗ് ഭാരവാഹികളെ ചൊല്ലി തര്‍ക്കം; ഭാരവാഹികളെ പ്രഖ്യാപിക്കാനായില്ല

പാര്‍ട്ടി രീതി അനുസരിച്ച് ഭാരവാഹിത്വത്തില്‍ മൂന്ന് ടേം കഴിഞ്ഞ നിലവിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മാറട്ടേയെന്ന നിലപാടിലാണ് ഒരു വിഭാഗം

സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സ്ഥാനങ്ങളിലേക്ക് വടംവലി മുറുകിയതോടെ വനിതാ ലീഗ് ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ മുസ്ലീംലീഗ് നേതൃത്വം. പാര്‍ട്ടി രീതി അനുസരിച്ച് ഭാരവാഹിത്വത്തില്‍ മൂന്ന് ടേം കഴിഞ്ഞ നിലവിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മാറട്ടേയെന്ന നിലപാടിലാണ് ഒരു വിഭാഗം. പ്രധാന ഭാരവാഹിത്വത്തിലേക്ക് എംജി സര്‍വ്വകലാശാല പിവിസിയായിരുന്ന ഷീനാ ഷുക്കൂറിന്റേയും ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയയുടേയും പേരുകള്‍ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കാനുള്ള ചുമതല ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

Advertising
Advertising

ഖമറുന്നിസ അന്‍വര്‍ പ്രസിഡന്റും നൂര്‍ബിന റഷീദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയായിരുന്നു സംസ്ഥാന വനിതാ ലീഗിന്റേത്. ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടന വിവാദത്തെത്തുടര്‍ന്ന് ഖമറുന്നിസയെ മാറ്റി കെപി മറിയുമ്മക്ക് പ്രസിഡന്റിന്റെ ചുമതല കൈമാറി. കമ്മിറ്റിയുടെ കാലാവധി നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിഞ്ഞ മാസം 16ന് ജനറല്‍ കൌണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. 23ആം തിയതി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് അന്ന് പറഞ്ഞത്. പിന്നീടത് മെയ് രണ്ടിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞു.തര്‍ക്കം തീര്‍ത്ത് ആറാം ഭാരവാഹികളെ തീരുമാനിക്കാനാണ് നിലവിലെ തീരുമാനം.

ഖമറുന്നിസ അന്‍വറും നൂര്‍ബിന റഷീദും മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ പാര്‍ട്ടി രീതി അനുസരിച്ച് ഇനി തുടരാനാവില്ല.ഇവര്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനെ ഭൂരിഭാഗം പ്രവര്‍ത്തകരും എതിര്‍ക്കുന്നു. പകരം വരുന്ന ആളുകളെ ചൊല്ലിയാണ് നിലവിലെ തര്‍ക്കം.പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മലപ്പുറത്ത് നിന്നുള്ള കെപി മറിയുമ്മക്ക് അവസരം നല്‍കണമെന്ന അഭിപ്രായം നേത്യത്വത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്. കുല്‍സു ടീച്ചറിന് പ്രധാന സ്ഥാനം നല്‍കണമെന്നും വാദിക്കുന്നു.എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന പേര് എംജി സര്‍വ്വകലാശാല മുന്‍ പിവിസി ഷീനാ ഷുക്കൂറിന്റേയും ഹരിത നേതാവ് ഫാത്തിമ തഹ്‍ലിയുടേയുമാണ്. നേതാക്കളുമായി കൂടിയാലോചിച്ച് ഞായറാഴ്ച ഹൈദരലി ശിഹാബ് തങ്ങള്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് റിട്ടേണിംഗ് ഓഫീസറായ ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News