പോലീസ് ആസ്ഥാനത്തെ ജീവനക്കാരോട് ജാതിയും, മതവും വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം
ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പരാതി പറഞ്ഞ ജീവനക്കാരോട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുമുണ്ട്.
പോലീസ് ആസ്ഥാനത്തെ ജീവനക്കാരോട് നിര്‍ബന്ധമായി ജാതിയും, മതവും വെളിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.തിരിച്ചറിയാല്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട പെര്‍ഫോമയിലാണ് മറ്റ് വിവരങ്ങള്‍ക്കൊപ്പം ജാതിയും, മതവും ചോദിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായുള്ള നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
സാധാരണ ഗതിയില്‍ ചോദിക്കാറില്ലാത്ത ചോദ്യങ്ങള്‍ അടങ്ങിയതാണ് പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള പെര്‍ഫോമ. ഏഴാമത്തെ കോളത്തില്‍ ജാതിയും മതവും എഴുതി നല്‍കാനാണ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പോലീസ് സേനയുടെ മതേതര മുഖം തകര്‍ക്കുമെന്നതിനാല്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യം ഒരു വിഭാഗം ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അല്ലെങ്കില്‍ താത്പര്യം ഉള്ളവര്‍ മാത്രം കോളം പൂരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെടുന്നു. പക്ഷെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പരാതി പറഞ്ഞ ജീവനക്കാരോട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുമുണ്ട്. ഇതുവരെ രഹസ്യാന്വേഷണ വിഭാഗമായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നത്. അതില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.