'ബ്ലേഡും സ്ട്രോയും പിന്നെ മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളും'; നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ യുവാവിന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ദൈവത്തിന്റെ കരങ്ങൾ അവിടെ ചുറ്റും കൂടിനിന്ന ഓരോരുത്തർക്കുമുണ്ടായിരുന്നുവെന്ന് ഡോ.തോമസ് പീറ്ററും ഡോ.ദിദിയയും മീഡിയവണിനോട് പറഞ്ഞു

Update: 2025-12-23 05:38 GMT
Editor : Lissy P | By : Web Desk

കൊച്ചി: വിജയ് നായകനായ 'മെര്‍സല്‍' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്.എയർപോർട്ടിലെ റെസ്‌റ്റോറന്റിൽ ജ്യൂസ് കഴിച്ചുകൊണ്ടിരുന്ന  യുവതി പെട്ടന്ന് മറിഞ്ഞുവീഴുകയും ഇത് കണ്ട് വിജയ് അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രം ഓടിവരികയും എടിഎം കാര്‍ഡ് രണ്ടായി മുറിച്ച് യുവതിയുടെ കഴുത്തില്‍ തുളയുണ്ടാക്കി സ്ട്രോ  കടത്തി രോഗിയെ രക്ഷിക്കുന്ന രംഗം ആരും മറന്നിട്ടുണ്ടാകില്ല. വെറും സിനിമയില്‍ മാത്രം കണ്ടുവരുന്ന സീനാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമാനമായ രീതിയില്‍ രക്ഷിച്ചെടുത്തു. നടുറോഡില്‍വെച്ച് മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളുടെ ഇടയില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചാണ് യുവാവിന് ഡോക്ടര്‍മാര്‍ അടിയന്തര വൈദ്യസഹായം നല്‍കിയത്.

Advertising
Advertising

എറണാകുളം ഉദയംപേരൂരിലാണ് സംഭവം നടന്നത്.രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നൽകിയത്.എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റർ, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ.മനൂപ് എന്നിവരുടെ ഇടപെടലിലാണ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്. 

ഭാര്യയോടൊപ്പം പോകുമ്പോഴാണ്  റോഡരികിൽ മേജർ ആക്‌സിഡന്റ് നടക്കുന്നത് കാണുന്നത്. പ്രാഥമിക ശുശ്രൂഷ നൽകാമെന്ന് കരുതിയാണ് കാറില്‍ നിന്ന് ഇറങ്ങി നോക്കിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് പരിക്കേറ്റയാളുടെ സ്ഥിതി നമ്മുടെ കൈയിൽ നിൽക്കുന്നതല്ലെന്ന് മനസിലാകുന്നതെന്ന് ഡോ.തോമസ് പീറ്റര്‍ മീഡിയവണിനോട് പറഞ്ഞു. 

'ഗുരുതരമായ പരിക്കേറ്റ ഒരാളുടെ കഴുത്തു മറ്റൊരാൾ പിടിച്ചിരുന്നു. പിടിച്ച രീതി കണ്ടപ്പോൾ ഒരു മെഡിക്കൽ പ്രഫഷണൽ ആണെന്ന് മനസിലായി. ചോദിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ആണെന്ന് പറഞ്ഞു. ഗുരുതരാവസ്ഥ കണ്ടാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്. ഡോക്ടർമാർ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പൊലീസും ഉൾപ്പടെ എല്ലാവരും കൈകോർത്തത് കൊണ്ടാണ് ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ആ സമയത്ത് ഞങ്ങൾ മാത്രമല്ല,ഒരു മിനി ഹോസ്പിറ്റൽ തന്നെ സെറ്റ് ചെയ്തിരുന്നു. ഇതേ ആശുപത്രിയിലെ അറ്റന്‍ഡര്‍ അവിടെയെത്തി. ആൾക്കൂട്ടത്തിനിടയിൽ ഒരു സ്റ്റാഫ് നഴ്‌സായ ചേച്ചിയും ഉണ്ടായിരുന്നു. സിപിആർ ആവശ്യമായി വരികയാണെങ്കിൽ പേടിക്കേണ്ട,ഞാന്റെ സഹപ്രവർത്തകരെ വിളിക്കാമെന്ന് പറഞ്ഞു. അവർ തന്നെ ഫോണിൽ തന്റെ സഹപ്രവർത്തകരെ വിളിച്ചുവരുത്തിയിരുന്നു. പിന്നെ അവിടെ ചുറ്റും കൂടിയ നാട്ടുകാര്‍, പൊലീസുകാര്‍,ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം സഹായത്തിനായി ഉണ്ടായിരുന്നു'. ഡോ.തോമസ് പറഞ്ഞു.

'പരിക്കേറ്റ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാമെന്ന് പറഞ്ഞത് ഡോ.മനൂപ് ആണ്.ഒരു സ്ട്രോയും ബ്ലേഡും വേണമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഓടിപ്പോയി അത് എത്തിച്ചു തന്നു.പക്ഷേ ആദ്യം കിട്ടിയത് പേപ്പർ സ്‌ട്രോയാണ്.പക്ഷേ രക്തത്തിൽ ഇത് അലിയുമായിരുന്നു.അതുകൊണ്ട് അത് ഇടക്കിടക്ക് മാറ്റേണ്ടി വന്നു. സിനിമയിലൊക്കെ കണ്ടത് കൊണ്ടാവാം നാട്ടുകാരിലാരോ ഒരാൾ പ്ലാസ്റ്റിക് സ്‌ട്രോ എത്തിച്ചു തന്ന് ഇത് മതിയോ എന്ന് ചോദിച്ചു.അത് ഏറെ സഹായകരമായി. ഇതില്‍ എടുത്തുപറയേണ്ടത് അവിടെ ചുറ്റും കൂടി നിന്ന നാട്ടുകാരാണ്.ആരും ഫോണില്‍ വിഡിയോ എടുക്കാതെ മൊബൈല്‍ ഫ്ളാഷ് ലൈറ്റ് അടിച്ചു നിന്നു. 10 മിനിറ്റ് കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍,എന്ത് സഹായത്തിനും ഒപ്പമുണ്ടെന്ന് പറഞ്ഞ പൊലീസുകാര്‍.. ദൈവത്തിന്റെ കരങ്ങൾ ഞങ്ങൾക്ക് മൂന്നുപേർക്ക് മാത്രമല്ല,അവിടെ കൂടി നിന്ന ഓരോരുത്തർക്കുമുണ്ടായിരുന്നു'. ഡോ.ദിദിയ മീഡിയവണിനോട് പറഞ്ഞു.

'എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുക എന്നതായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്നത്. സീനിയേഴ്‌സിനെ ഗുരുക്കൻമാരായി കാണുന്ന പ്രൊഫഷനാണ് മെഡിക്കൽ ഫീൽഡ്. ഗ്ലൗസില്ല,സാനിറ്റൈസറില്ല,നിങ്ങൾക്കോ രോഗിക്കോ ഇൻഫെക്ഷനാകില്ലേ എന്ന് പലരും ചോദിച്ചു,എന്നാൽ ജീവനുണ്ടെങ്കിൽ അതെല്ലാം ചികിത്സിച്ച് മാറ്റാം എന്ന് മാത്രമാണ് അതിനുള്ള മറുപടി. പരിക്കേറ്റ യുവാവിന്‍റെ സഹോദരനെ ഇന്നലെ കണ്ടു. വൈകാരികമായിരുന്നു അവരുടെ പ്രതികരണം. ലിനു ജീവിതത്തിലേക്ക് തിരിച്ചുവന്നാൽ ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. ഡോക്ടർമാരെന്ന നിലയിൽ ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്തുവെന്ന തോന്നൽ ഇപ്പോഴുണ്ട്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഞങ്ങളുടെ സീനിയേഴ്‌സ് കൂടെയുള്ളതുകൊണ്ടാണ് ഇത് സാധ്യമായത്'. ഡോ.തോമസ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News