'ഇക്കാലമത്രയും സിപിഎം വേട്ടയാടലുകൾക്കിരയായത് കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ഞങ്ങളുടെ കുടുംബം കൂടിയായിരുന്നു'; കുറിപ്പുമായി സി.കെ അജീഷിന്‍റെ ഭാര്യ
നൊച്ചാട് പഞ്ചായത്ത് 15-ാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതിന് ശേഷമായിരുന്നു രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: പാര്‍ട്ടി വിട്ടതിന്‍റെ പേരിൽ അജീഷ് എന്ന ഒരു വ്യക്തി മാത്രമല്ല ഇക്കാലമത്രയും സിപിഎം വേട്ടയാടാലുകൾക്കിരയായത് തങ്ങളുടെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബം കൂടിയായിരുന്നുവെന്ന് സി.കെ അജീഷിന്‍റെ ഭാര്യ രചന അജീഷ്. നൊച്ചാട് പഞ്ചായത്ത് 15-ാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതിന് ശേഷമായിരുന്നു രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വര്‍ഷങ്ങൾക്ക് മുൻപ് സിപിഎം വിട്ട നൊച്ചാട് എഎൽപി സ്കൂൾ അധ്യാപകനായ അജീഷ് പിന്നീട് കോൺഗ്രസിൽ ചേര്‍ന്നിരുന്നു. 2022ൽ ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പേരാമ്പ്ര പൊലീസ് എടുത്ത കേസിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. കള്ളക്കേസുകളിൽ കുടുക്കിയതിനു പിന്നാലെ സിപിഎം നേതാക്കൾ ഇടപെട്ട് പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു അജീഷിന്റെ പരാതി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയാണെന്നും അച്ചടക്കനടപടി എടുക്കണമെന്നുമാണ് സ്‌കൂൾ മാനേജർക്ക് ഡിപിഐയിൽനിന്ന് ആദ്യം നൽകിയ നിർദേശം. എന്നാൽ, ജീവിതത്തിലൊരിക്കലും വിമാനത്തിൽ യാത്ര ചെയ്യാതെയാണ് ഇങ്ങനെയൊരു കുറ്റംചാർത്തലെന്ന് അജീഷ് നേരത്തേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്
10 -12 വർഷം നീണ്ടു നിന്ന വേട്ടയാടലുകൾക്ക് കാലം കാത്തു വെച്ചൊരു മറുപടി പോലെ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗമായി അജീഷേട്ടൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
പാർട്ടി വിട്ടതിന്റെ പേരിൽ അജീഷ് എന്ന ഒരു വ്യക്തി മാത്രമല്ല ഇക്കാലമത്രയും സിപിഎം വേട്ടയാടാലുകൾക്കിരയായത് ഞങ്ങളുടെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബം കൂടിയായിരുന്നു.. അജീഷിന്‍റെ മക്കളായതുകൊണ്ട് മാത്രം നിഷേധിക്കപ്പെട്ട അനുമോദന സദസുകൾ,കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോൾ കേൾക്കുന്ന തെറിപ്പാട്ടുകൾ നാട്ടിൽ നടക്കുന്ന എല്ലാ കേസുകളിലും പ്രതി ചേർക്കുന്നതിന്‍റെ ഭാഗമായി അര്‍ധരാത്രികളിലെ പൊലീസ് റെയ്‌ഡ്...
എന്തിന് കല്യാണ വീടുകളിൽ ഭക്ഷണമേശക്ക് മുൻപിൽ നിന്ന് കളിയാക്കലുകൾ സഹിക്കാനാകാതെ മക്കളോടൊപ്പം ഇറങ്ങി പോരേണ്ടി വന്ന ഒരമ്മ എന്ന നിലയിൽ ഓർമയിൽ തങ്ങി നിൽക്കുന്ന നിമിഷങ്ങളനവധി..
അതുകൊണ്ട് തന്നെയാണ് ഈ ഒരു വിജയം എനിക്കിത്ര മധുരമേറിയതാവുന്നത്... നന്ദി പറയാനുള്ളത്, വിജയം എന്ന ഒരേയൊരു ലക്ഷ്യത്തിലെത്താൻ വലിയ ആവേശത്തോടെ കൂടെ നിന്ന യുഡിഎഫ് പ്രവർത്തകരോടാണ്..
ആഘോഷമാക്കിയ കുട്ടികൾ, പ്രാർഥനയോടെ പ്രായമായ ഉമ്മമാരും അമ്മമാരും ... സ്ഥാനാർഥി നിർണയം മുതൽ സ്നേഹ സമ്മാനം നൽകി സത്യപ്രതിജ്ഞ വരെ കൂടെ നിന്ന യുഡിഎഫ് വനിതാ പ്രവർത്തകർ.. നേരിട്ടും മനസ് കൊണ്ടും സപ്പോർട്ട് ചെയ്ത നന്മ വറ്റിയിട്ടില്ലാത്ത സഖാക്കൾ... എല്ലാവരോടും നിറഞ്ഞ സ്നേഹം.