സാമ്പത്തിക സംവരണത്തെ പിന്തുണച്ച് ചെന്നിത്തല; ലീഗിന് എതിര്‍പ്പ്

Update: 2018-06-03 02:04 GMT
Editor : Sithara
സാമ്പത്തിക സംവരണത്തെ പിന്തുണച്ച് ചെന്നിത്തല; ലീഗിന് എതിര്‍പ്പ്

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണ. സാമ്പത്തിക സംവരണമെന്ന ആശയത്തോട് യോജിക്കുന്നില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം. സാമ്പത്തിക സംവരണമെന്ന ആശയം തങ്ങളുടേതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദത്തെ ലീഗ് തള്ളി. ഒരു വിഭാഗത്തിന്‍റെ കൈയടി നേടുമ്പോള്‍ കൈത്താങ് നഷ്ടമാവുമെന്ന് ഓര്‍ക്കണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മുന്നോക്ക സംവരണം യുഡിഎഫിന്‍റെ പ്രകടന പത്രികയുടെ ഭാഗമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ ലീഗിന് നല്‍കിയ മറുപടി.

Advertising
Advertising

Full View

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയ ഇടത് സര്‍ക്കാരിനെ യുഡിഎഫിന്‍റെ പടയൊരുക്കം ജാഥയ്ക്കിടയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചത്. ഒരു പടി കൂടി കടന്ന് സാമ്പത്തിക സംവരണമെന്ന ആശയത്തിന്‍റെ പിതൃത്വവും ചെന്നിത്തല ഏറ്റെടുത്തു.

സാമ്പത്തിക സംവരണം സാമൂഹിക നീതി അട്ടിമറിക്കലാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പിന്നാലെ മുസ്‍ലിം ലീഗ് വിശദീകരിച്ചു. സാമ്പത്തിക സംവരണത്തിനായി യുഡിഎഫ് പക്ഷത്ത് നിന്ന് ഉയര്‍ന്ന വാദത്തെ കടുത്ത ഭാഷയിലാണ് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ തള്ളിയത്. ഇക്കാര്യത്തില്‍ സമന്വയവും ചര്‍ച്ചയും ഇല്ലെന്നാണ് ലീഗ് നിലപാട്.

ലീഗ് നേതാക്കള്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുകയെന്നത് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വിശദീകരിച്ച് എം എം ഹസന്‍ ലീഗിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തി. കോണ്‍ഗ്രസ് സാമ്പത്തിക സംവരണമെന്ന ആശയത്തെ പിന്തുണയ്ക്കുമ്പോള്‍, പിന്നാക്ക- ദലിത് സംഘടനകളുടെ കൂട്ടായ്മ സൃഷ്ടിച്ച് സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനാണ് ലീഗ് ശ്രമം. ഇതിന്‍റെ ഭാഗമായ കോഴിക്കോട് പിന്നാക്ക ന്യൂനപക്ഷ ദലിത് സാഹോദര്യ സമിതിക്കും രൂപം നല്‍കി. സാമ്പത്തിക സംവരണമെന്ന ആശയം യുഡിഎഫ് രാഷ്ട്രീയത്തിലും കടുത്ത പ്രതിസന്ധി വരും ദിവസങ്ങളില്‍ സൃഷ്ടിക്കുമെന്നാണ് നേതാക്കളുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News