എംബിബിഎസ് പിജി മെറിറ്റ് ഫീസ് വര്‍ധനയെക്കുറിച്ച് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്
പണ്ട് ഒരു വിശ്വാസമുണ്ടായിരുന്നു. മെറിറ്റും ബുദ്ധിയും പരിശ്രമവുമുണ്ടെങ്കില്‍ ആര്‍ക്കും ലക്ഷ്യത്തിലെത്താമെന്ന്. അത് പറയാറുമുണ്ടായിരുന്നു. ഇപ്പൊ മനസിലാകുന്നു... ധനത്തിനു ധനം തന്നെ വേണമെന്ന്...
ഞാനൊരു സാധാരണക്കാരനായിരുന്നു. അത്താഴപ്പട്ടിണിക്കാരന്‍. അതുകൊണ്ടുകൂടിയാകാം, ഡോക്ടറാകാന്‍ മനസില്‍ ആഗ്രഹിച്ചിരുന്നില്ല. അതൊക്കെ കയ്യില്‍ കുറച്ച് കാശും പുത്തനുമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണെന്നായിരുന്നു വിചാരം. എന്നിട്ടും എന്‍ഡ്രന്‍സിനു കൊണ്ടുപോയി ചേര്‍ത്തത് മകന്‍ എന്‍ഡ്രന്‍സ് പഠിക്കുന്നത് കാണണമെന്നുള്ള അച്ചാച്ചന്റെ അത്യാഗ്രഹം കൊണ്ടു മാത്രമായിരുന്നു.
എന്‍ഡ്രന്‍സ് പഠിച്ചു. ആദ്യ ചാന്‍സില്‍ റാങ്ക് 842. സര്‍ക്കാര്‍ കോളജില്‍ എം.ബി.ബി.എസ് കിട്ടില്ല. സ്വാശ്രയത്തില്‍ എം.ബി.ബി.എസ് കിട്ടും. മറ്റ് ഏത് കോഴ്‌സ് വേണമെങ്കിലും എവിടെ വേണമെങ്കിലും കിട്ടും. പക്ഷേ അന്ന് ആദ്യമായിട്ട് എം.ബി.ബി.എസ് മാത്രം മതിയെന്ന് തോന്നി. കൂടെയുള്ളവരൊക്കെ ഒന്നുകൂടി ശ്രമിക്കുന്നു. ഞാനും ശ്രമിക്കാമെന്ന് വച്ചു.
അതെ, ആ ചോദ്യം കേള്‍ക്കാനാണ് ഞാന്‍ കഥ ഇത് വരെ പറഞ്ഞത്. എന്തുകൊണ്ട് സ്വാശ്രയത്തില്‍ ചേര്‍ന്നില്ല എന്ന്? അന്നത്തെ സര്‍ക്കാര്‍ ഫീസ് 12,500 രൂപ ആയിരുന്നു. സ്വാശ്രയത്തില്‍ 1,13,000 രൂപയും. അത് മാത്രം കൊടുത്താല്‍ പോരാ, പുസ്തകങ്ങള്‍ വേണം, ഉപകരണങ്ങള്‍ വേണം, ഡ്രസ്സ്, താമസം, ഭക്ഷണം എല്ലാം വേണം. അന്ന് ലോണെടുത്ത് പഠിക്കാന്‍ ധൈര്യമില്ല. ഉള്ള വീടുകൊണ്ട് ഇതിനുകൂടെ ലോണ്‍ കിട്ടില്ല. അഞ്ച് കൊല്ലത്തെ ആറ് ലക്ഷത്തോടടുത്ത ഫീസും പിന്നെ തുടര്‍ ചിലവുകളും ഉണ്ടാക്കാനുള്ള വക ഇല്ല എന്ന് തോന്നിയതുകൊണ്ട് വീട് നഷ്ടപ്പെടുത്തണോ അതോ ഒരു വര്‍ഷം നഷ്ടപ്പെടുത്തണോ എന്ന് ചോദിക്കുമ്പൊ ഉത്തരത്തിനു വലുതായി ആലോചിക്കേണ്ടിവന്നില്ല.
ആ തീരുമാനം ശരിയായിരുന്നെന്ന് പിന്നെയുള്ള ആറു വര്‍ഷം തെളിയിച്ചു. ചിലവ് എഴുതിവയ്ക്കുന്ന ഒരു ശീലം അമ്മയ്ക്കുണ്ടായിരുന്നു. ആ കണക്കനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടും ഫീസടക്കം മൂന്നര നാലു ലക്ഷത്തിനു മുകളില്‍ പല വഴികളിലൂടെ ചിലവായിട്ടുണ്ട് ഹൗസ് സര്‍ജന്‍സി വരെ. അപ്പൊ സ്വാശ്രയത്തില്‍ പോയിരുന്നെങ്കില്‍? അത് അവിടെ നില്‍ക്കട്ടെ, കഥ തുടരാം...
ഹൗസ് സര്‍ജനായി. കിട്ടുന്ന സ്‌റ്റൈപന്‍ഡ് 10,000. ചിലവെല്ലാം തീര്‍ത്തിട്ട് മിച്ചം വച്ച് തന്നെ പൈസ ഉണ്ടാക്കുമായിരുന്നു. എന്തിനാ? എന്‍ഡ്രന്‍സ് പഠിക്കാന്‍... അതെന്തിനാ? വെറും എം.ബി.ബി.എസ് പോരെന്ന് കരക്കമ്പിയുണ്ട്. ഒരു പി.ജി വേണം... അതിന് എന്‍ഡ്രന്‍സ് എഴുതണം. പി.ജി എന്‍ഡ്രന്‍സ് എന്നെപ്പോലെയുള്ള സാധാരണ, അല്ലെങ്കില്‍ അതിലും താഴ്ന്ന ലെവലിലുള്ള ഡോക്ടര്‍ക്ക് കിട്ടണമെങ്കില്‍ ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ ഇരുന്ന് പഠിക്കുക തന്നെ വേണം.
അതിനു ചിലവില്ല? ഉണ്ട്.... ഇപ്പൊ കയ്യില്‍ എം.ബി.ബി.എസ് മാത്രമാണുള്ളത്. പത്രാസുണ്ട്. നാട്ടില്‍ ബഹുമാനം കിട്ടും. ഡോക്ടറാണെന്ന് പേരുമുണ്ട്. കാശ്? ഇല്ല. വീട്ടില്‍ ചോദിക്കാന്‍ മടിയാണ്. കാരണം അഞ്ച് വര്‍ഷം പഠിച്ചുകഴിയുമ്പൊ ജോലിക്കാരനാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ കോഴ്‌സിനു ചേര്‍ത്തത്.ഇനിയും ചോദിക്കാന്‍ പറ്റില്ല.
ഒരുവര്‍ഷത്തെ ഹൗസ് സര്‍ജന്‍സിക്ക് കിട്ടിയ സ്‌റ്റൈപന്‍ഡ് സൂക്ഷിച്ചുവച്ചത് അതിനായിരുന്നു.
ഒരപകടം പറ്റി. ബൈക്കില്‍ നിന്നൊന്ന് വീണു. കൂട്ടുകാരന്റെ ബൈക്കിന്റെ പിന്നിലിരുന്നപ്പൊ സംഭവിച്ചതാണ്. എന്നിട്ടെന്തായി? പി.ജി കരുതല്‍ ധനം വെറും 20,000 രൂപയായി കുറഞ്ഞു.അതുകൊണ്ട് എന്റ്രന്‍സ് പഠനം നടക്കില്ല.ആറുവര്‍ഷം മെഡിക്കല്‍ കോളജില്‍ മാത്രമായിരുന്നതുകൊണ്ട് മറ്റ് ജോലികളൊന്നും അറിയുകേമില്ല.
ഒരു വഴിയുണ്ട്. അറിയുന്ന പണി ചെയ്യാം. പിന്നെയുള്ള ഏഴുമാസം വിവിധ ഹോസ്പിറ്റലുകളില്‍ ജി.പി എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന കൂലിപ്പണി ആയിരുന്നു. ഒരു ദിവസത്തേക്കും രണ്ട് ദിവസത്തേക്കും ഒക്കെ ഡ്യൂട്ടി ഡോക്ടറാകുക. ഒന്ന് ആഞ്ഞുപിടിച്ചാല്‍ പൈസ കുറച്ചധികമുണ്ടാക്കാം. ജോബ് സെക്യൂരിറ്റി ഇല്ല. അതായത് സ്ഥിരം കഞ്ഞികുടിക്ക് പറ്റില്ല എന്ന്.
ഏഴ് മാസത്തോളം 24 *7 മണിക്കൂറും ഡ്യൂട്ടി എടുത്തു. ഉറക്കവും കുളിയും കഴിപ്പുമൊക്കെ ആശുപത്രികളില്‍. വീട്ടില്‍ ചെല്ലുന്നത് വല്ലപ്പോഴും. അടുത്ത ഒരു വര്‍ഷത്തേക്ക് ഉള്ള ഫീസും ഫുഡും അടക്കമുള്ള പൈസ ഉണ്ടാക്കണം. ഉണ്ടാക്കി. പക്ഷേ ഒരു ചെറിയ പ്രശ്‌നം. എന്‍ഡ്രന്‍സിനോടുള്ള ടച്ച് വിട്ടുപോയി. വായനയുടെ അഭാവം ഉണ്ടാകരുതെന്ന് ആരും പറഞ്ഞുതന്നില്ല. സാരമില്ല. അത് ഒരു വര്‍ഷം കൊണ്ട് ക്യാച്ച് അപ് ചെയ്യാം.
എന്‍ഡ്രന്‍സ് ഫീസും പരീക്ഷാഫീസും താമസച്ചിലവുകളും അലുക്കുലുത്ത് സംഗതികളും പുസ്തകവുമെല്ലാം നല്ല ചിലവുള്ള പണിയാണ്. പ്രധാന മൂന്ന് പി.ജി. എന്‍ഡ്രന്‍സ് പരീക്ഷകള്‍ എഴുതിക്കഴിയുമ്പൊ തന്നെ ഏതാണ്ട് 20,000 രൂപയ്ക്ക് മുകളില്‍ പൊടിയും. അതുകൊണ്ട് ആ മൂന്നില്‍ അങ്ങ് നിര്‍ത്തി. അതില്‍ ഒരു ലോട്ടറി നമുക്കും അടിച്ചു. സര്‍ക്കാര്‍ ഫീസില്‍ എറണാകുളം ലേക് ഷോറില്‍ പോയി പിജി ചെയ്യുമ്പൊ ഒരു വര്‍ഷം മുന്‍പ് ജി.പി ചെയ്ത് ഉണ്ടാക്കിയ 3 ലക്ഷത്തിനടുത്ത് രൂപയില്‍ ആദ്യത്തെ ജോയിനിങ്ങ് ഫീസ് കഴിച്ച് 30,000 രൂപയുടെ അടുത്ത് മിച്ചമുണ്ടായിരുന്നു.
അത് ഫീസ് 80,000 രൂപ ആകുമ്പൊഴത്തെ കാര്യം. ഇന്നത്തെപ്പോലെ പ്രൈവറ്റ് മെറിറ്റിലും 14 ലക്ഷമെന്ന് കണക്ക് കേട്ടിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു പി.ജിക്കാരനാകില്ലായിരുന്നു. ഇന്നത്തെ നെല്‍സണ്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. കാരണം മൂന്ന് വര്‍ഷത്തെ 42 ലക്ഷം രൂപ എന്നെക്കൊണ്ട് ഉണ്ടാകില്ല. ഇതുപോലെ ആയിരക്കണക്കിനു മിഡില്‍ ക്ലാസ് ഡോക്ടര്‍മാരും ലോവര്‍ മിഡില്‍ ക്ലാസ് ഡോക്ടര്‍മാരുമുണ്ട്. അവരെക്കൊണ്ട് ഇത് പറ്റില്ല. മിക്കവര്‍ക്കും കല്യാണം കഴിഞ്ഞ് കുഞ്ഞും ഭാര്യയുമൊക്കെയുണ്ടാവും പോറ്റാന്‍. ഒന്ന് ചുറ്റും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാവുന്നതേയുള്ളൂ. ജിനേഷേട്ടന്റെയും കഥ വ്യത്യസ്തമൊന്നുമല്ല. അതുപോലെ എത്രപേര്‍...
എല്ലാവരും നിങ്ങള്‍ കരുതുന്നതുപോലെ ഹൈഫൈ ഡോക്ടേഴ്‌സല്ല.
ഇനി ഏതെങ്കിലുമൊരു നിര്‍ഭാഗ്യവാന്‍ 14 കൊടുത്ത് കയറി എന്നിരിക്കട്ടെ. അവന് ഈ 42 ലക്ഷം തിരികെക്കൊടുക്കേണ്ടിവരികയില്ലേ? പോകുന്നത് കിടപ്പാടമാണ്. എത്തിക്‌സൊക്കെ കാറ്റില്‍ പറക്കും. ഞാന്‍ കുറ്റം പറയില്ലയാളെ... കഷ്ടപ്പാട് എന്താണെന്ന് അറിഞ്ഞിട്ടും സഹായിക്കാന്‍ മനസുണ്ടായിട്ടും കഴിയാതെ വരും. അതിനുത്തരവാദി അയാളല്ല...
ഇനി എം.ബി. ബി.എസ്സിനും ഇതേപോലെ ഫീസ് പുനര്‍ നിര്‍ണയം വന്നാല്‍? വരും , വരാതിരിക്കില്ല. സാധാരണക്കാരന്‍ ഡോക്ടറാകണ്ട എന്ന് ആരോ തീരുമാനിക്കുന്നതുപോലെ. എന്നുവച്ച് സീറ്റ് ഒഴിഞ്ഞുകിടക്കാനൊന്നും പോകുന്നില്ല. 50 പെര്‍സന്റൈലിനുള്ളില്‍ ആളുകള്‍ കിട്ടാനില്ലെങ്കില്‍ അവര്‍ പെര്‍സന്റൈല്‍ താഴ്ത്തും. പൈസ ഉള്ളവരുണ്ടാകുമെന്നേ...
താഴ്ത്താന്‍ പ്ലാനുണ്ടെന്ന് കേള്‍ക്കുന്നു. 7.5% വച്ച്. അതൊരു ചെറിയ ശതമാനമല്ലേ എന്ന് ചോദിക്കണ്ട. ഞാന്‍ എഴുതിയ പി.ജി എന്‍ഡ്രന്‍സില്‍ താഴെ വന്ന സമയത്ത് 0.004 മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മാറിയത് 9 റാങ്കുകളായിരുന്നു. പറഞ്ഞെന്നേയുള്ളൂ
നല്ല ഡോക്ടര്‍മാരില്ലെന്നും സാധാരണക്കാരെ മനസിലാക്കുന്നില്ലെന്നുമൊക്കെ ഭാവിയില്‍ കരയുമ്പൊ ഇതൂടെ ഓര്‍മ വേണം... അന്ന് പി.ജി മെറിറ്റ് ഫീസ് 14 ലക്ഷമാക്കിയപ്പൊ ഒരക്ഷരം മിണ്ടിയില്ലല്ലോ എന്ന്.
പണ്ട് ഒരു വിശ്വാസമുണ്ടായിരുന്നു. മെറിറ്റും ബുദ്ധിയും പരിശ്രമവുമുണ്ടെങ്കില്‍ ആര്‍ക്കും ലക്ഷ്യത്തിലെത്താമെന്ന്. അത് പറയാറുമുണ്ടായിരുന്നു. ഇപ്പൊ മനസിലാകുന്നു... ധനത്തിനു ധനം തന്നെ വേണമെന്ന്.