നടിയെ ആക്രമിച്ച കേസ്; വിധി വരുമ്പോൾ നിർണായക ഇടപെടൽ നടത്തിയത് ഈ രണ്ടുപേർ
എട്ടു വർഷത്തിന് ശേഷം കേസിന്റെ വിധി വരുമ്പോൾ കേൾക്കാൻ രണ്ടുപേരും ജീവിച്ചിരുപ്പില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ഇടപെടൽ നടത്തിയ രണ്ടാളുകളാണ് മുൻ എംഎൽഎ പി.ടി തോമസും സംവിധായകൻ ബാലചന്ദ്രകുമാറും. അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂല നിലപാടെടുത്തവരായിരുന്നു ഈ രണ്ടുപേർ. എട്ടു വർഷത്തിന് ശേഷം 2025 ഡിസംബർ എട്ടിന് കേസിന്റെ വിധി കേൾക്കാൻ രണ്ടുപേരും ജീവിച്ചിരുപ്പില്ല.
2017 ഫെബ്രുവരി 17 ന് രാത്രി ആക്രമിക്കപ്പെട്ട ആദ്യം സഹായം തേടി നടി എത്തുന്നത് സംവിധായകൻ ലാലിൻ്റെ വീട്ടിലാണ്. നടി സംഭവങ്ങൾ വിവരിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. ആന്റോ ജോസഫിന്റെ വീടിന്റെ സമീപത്ത് വീടുള്ള അന്നത്തെ തൃക്കാക്കര എംഎൽഎ പി.ടി തോമസിനോട് വിവരം പറഞ്ഞത് നിർണായകമായി. ആന്റോക്കൊപ്പം പി.ടി തോമസും ആക്രമിക്കപ്പെട്ട നടിയെ കാണാൻ ലാലിന്റെ വീട്ടിലേക്ക് എത്തി.
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു. ഒരു മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന് ആദ്യമണിക്കൂറുകളിൽ തന്നെ പി.ടി തോമസ് നടത്തിയ ഇടപെടലുകൾ കേസിൽ നിർണായകമായി. ചലച്ചിത്രമേഖലയിലെ ചിലർ നടിയെ വിളിച്ച് പ്രശ്നം പൊലീസിൽ എത്തുന്നത് തടയാൻ ശ്രമിച്ചപ്പോഴും പി.ടി തോമസ് കൃത്യമായ നിലപാടെടുത്തു. ‘‘ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം ‘‘ എന്ന പി.ടിയുടെ വാക്കുകൾ അതിജീവിതക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
ഒരു വേള കേസ് ദുർബലമാവുന്നു എന്ന് തോന്നുന്ന ഘട്ടത്തിലാണ് നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ബാലചന്ദ്രകുമാർ കോടതിയിലും പുറത്തും നടത്തിയ ഇടപെടലുകൾ സമാനകളില്ലാത്തതാണ്. കേസിലെ കുറ്റകൃത്യത്തിന് ആവശ്യത്തിലധികം തെളിവുണ്ടെങ്കിലും അതിനു പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. അതിന്റെ കുറവു നികത്തിയത് വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.