കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഭാഗികമായി റദ്ദാക്കി
5 തസ്തികകളിലെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്
കെ എസ് ഇ ബിയിലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഭാഗികമായി റദ്ദാക്കി. 5 തസ്തികകളിലെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്. സ്ഥലം മാറ്റ അപേക്ഷ പിന്‍വലിക്കാന്‍ തിങ്കളാഴ്ച വരെ സമയം നല്‍കി. കൂട്ട സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതേ സമയം പലരും ഡ്യൂട്ടിയില്‍ നിന്ന് റിലീവ് ചെയ്തതിനാല്‍ പുതിയ തീരുമാനവും ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.
കഴിഞ്ഞ മാസം 17 മുതലാണ് കെഎസ്ഇബിയില്‍ പതിനായിരത്തോളം പേരുടെ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും വ്യാപക പരാതി ഉയര്‍ന്നു. ട്രേഡ് യൂണിയനുകള്‍ സമരവുമായി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 5 തസ്തികകളിലുള്ള സ്ഥലം മാറ്റം റദ്ദാക്കി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. സബ് എഞ്ചിനീയര്‍, മീറ്റര്‍ റീഡര്‍, ജൂനിയര്‍ അസി. ഡ്രൈവര്‍, ഫെയര്‍ കോപി അസി. തസ്തികളിലെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്. സ്ഥലമാറ്റ അപേക്ഷ പിന്‍വലിക്കാന്‍ തിങ്കളാഴ്ച വരെ സമയം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സ്ഥലമാറ്റ ഉത്തരവനുസരിച്ച് നിരവധി ജീവനക്കാര്‍ റിലീവ് ചെയ്ത് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് റിലീവ് ചെയ്തവര്‍ക്ക് പുതിയ ഉത്തരവ് എങ്ങനെ ബാധകമാകുമെന്ന ആശയക്കുഴപ്പമുണ്ട്. റിലീവ് ചെയ്തയാള്‍ക്ക് സ്ഥലമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെ പഴയ സ്ഥലത്തേക്ക് വീണ്ടും പ്രവേശനം ലഭിക്കുമോ ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കെ എസ് ഇ ബി നല്‍കുന്നില്ല. നിലവിലെ ആശയക്കുഴപ്പം വര്‍പ്പിക്കുയാണ് കെ എസ് ഇ ബി പുതിയ ഉത്തരവിലൂടെ ചെയ്തതെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. സ്ഥലമാറ്റ ഉത്തരവിന്റെ മറവില്‍ തസ്തിക വെട്ടിക്കുറക്കല്‍ കെ എസ് ഇ ബി നടത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു.