എംഎസ്എഫ് മലപ്പുറം ജില്ലാകമ്മിറ്റി മരവിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചയെ തുടര്‍ന്നാണ് നടപടി.
കാലിക്കറ്റ് സര്‍വ്വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിനുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സംഘടനാ നടപടി. മലപ്പുറം ജില്ലാ കമ്മിറ്റിയെ മരവിപ്പിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ നടപടിയെടുത്ത എംഎസ്എഫ് നേതൃത്വത്തിന്‍റെ നടപടി ഗ്രൂപ്പ് താല്‍പര്യം വെച്ചാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആണ് വിജയിച്ചത്. എംഎസ്എഫിന്‍റെ കുത്തകയായിരുന്ന മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനവും എസ്എഫ്ഐ പിടിച്ചെടുത്തു. മുസ്‍ലിം ലീഗിന്‍റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ തിരിച്ചടി നേരിട്ടത് സംഘടനാ വീഴ്ചയാണെന്നാണ് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം മരവിപ്പിച്ചു.
ലീഗിന്‍റെ ജില്ലാ -സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കാതെയായിരുന്നു എംഎസ്എഫ് നടപടി. ഇതില്‍ ലീഗ് നേതൃത്വത്തിന് അമര്‍ഷമുണ്ട്. വിദ്യാര്‍ത്ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ പേരില്‍ എംഎസ്എഫ് കമ്മിറ്റികള്‍ പിരിച്ചുവിട്ട കീഴ് വഴക്കമില്ലെന്നാണ് നടപടിയെ എതിര്‍ക്കുന്ന ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഹരിതയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അടക്കം എംഎസ്എഫില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് നടപടിക്കു പിന്നിലെന്നും ആരോപണമുണ്ട്.
എന്നാല്‍ ജില്ലാ എക്സിക്യുട്ടീവ് സ്ഥാനം നഷ്ടപ്പെട്ടത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാത്രം വീഴ്ചയാണെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. നടപടിയില്‍ ഉറച്ചു നില്‍ക്കാനാണ് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.