സംസ്ഥാനത്ത് ശക്തമായ മഴ; ഉരുള്‍പൊട്ടല്‍, കൃഷിനാശം

Update: 2018-06-16 09:57 GMT
സംസ്ഥാനത്ത് ശക്തമായ മഴ; ഉരുള്‍പൊട്ടല്‍, കൃഷിനാശം

കുട്ടനാട്ടിലെ നെല്‍പാടങ്ങള്‍ മടവീഴ്ച ഭീഷണിയില്‍; പമ്പയാറില്‍ ജലനിരപ്പുയര്‍ന്നു

കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴ; ഉരുള്‍പൊട്ടല്‍

കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ആനക്കാംപൊയിലിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലും ശക്തമായി നില നിൽക്കുന്നു. പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിൽ മണ്ണ് ഇടിച്ചിലും ഉണ്ടായി. ഇരുവഞ്ഞി പുഴ കരകവിഞ്ഞതിനെ തുടർന്ന് മുക്കം ഭാഗത്തും വീടുകളിൽ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാൽ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

Full View

ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആനക്കാംപോയില്‍ ഭാഗത്തേക്ക് ശക്തമായ മഴവെള്ളപാച്ചിലുണ്ടായതോടെ താഴ്ഭാഗത്തെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വ്യാപകമായ കൃഷി നാശവും പ്രദേശത്തുണ്ടായി.

ആനക്കാംപൊയിലില്‍ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ ഏതാണ്ട് മൂന്ന് കിലോമീറ്ററോളം റോഡില്‍ വെള്ളം കയറി. ഇവിടെ ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി. മലവെള്ള പാച്ചില്‍ ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. കോടഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശേരി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായതോടെ മലയോര മേഖലയിലെ പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞ നിലയിലാണ്.

ഇടുക്കില്‍ വ്യാപക കൃഷിനാശം; കെഎസ്ഇബിക്കും ലക്ഷങ്ങള്‍ നഷ്ടം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയില്‍ വ്യാപക കൃഷിനാശം. രണ്ട് കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. 160ല്‍ അധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കെഎസ്ഇബിക്ക് 74 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Full View

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയില്‍ കാര്‍ഷിക ജില്ലയായ ഇടുക്കിക്ക് രണ്ട് കോടിരൂപയുടെ നഷ്ടമാണ് 126 ഹെക്ടര്‍ കൃഷിയിടം നശിച്ചതിലൂടെ ഉണ്ടായത്. ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായത് മാങ്കുളം പഞ്ചായത്തിലാണ്. ദേവികുളം, ഇടുക്കി, പീര്മേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലായി 841 കര്‍ഷകരുടെ കൃഷിയിടമാണ് ഉരുള്‍പ്പൊട്ടലിലും, മണ്ണിടിച്ചിലിലും നശിച്ചതെന്ന് കൃഷിവകുപ്പിന്‍റെ കണക്ക് വ്യക്തമാക്കുന്നു.

ജില്ലയില്‍ ഇതുവരെ ഭാഗികമായി തകര്‍ന്നത് 158 വീടുകളാണ്. പൂര്‍ണമായി തകര്‍ന്നത് 13 എണ്ണവും. മരം കടപുഴകി ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിലൂടെ കെഎസ്ഇബിക്കും മഴ കാര്യമായ നഷ്ടം വരുത്തി. 11കെവി വൈദ്യുതി ലൈനുകളുടെ 170 പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ഇതില്‍ 100എണ്ണം മാറ്റി സ്ഥാപിച്ചു. ജില്ലയുടെ വിവിധ സെക്ഷനുകളിലായി 243 സ്ഥലങ്ങളില്‍ 11കെവി വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. 1589 എല്‍ടി വൈദ്യുതി ലൈനുകളാണ് പൊട്ടിവീണത്. ചിത്തിരപുരം, രാജകുമാരി, മറയൂര്‍, വണ്ടിപ്പെരിയാര്‍, കുമളി, അടിമാലി എന്നീ സെക്ഷനുകളിലാണ് ഏറെ നാശമുണ്ടായത്. 74ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. നഷ്ടക്കണക്കുകള്‍ ഇപ്പോഴും പൂര്‍ണമായി കണക്കാക്കാറായിട്ടില്ലെന്നാണ് വിവിധ വകുപ്പുകള്‍ തന്നെ വ്യക്തമാക്കുന്നത്.

പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; തീരവാസികള്‍ ദുരിതത്തില്‍
കനത്ത മഴയില്‍ പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരവാസികള്‍ ദുരിതത്തില്‍. റാന്നി ഉപാസനക്കടവ് ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് വെള്ളപ്പൊക്ക കെടുതി പതിവായിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ഇവിടുള്ളവര്‍ക്ക് പരാതിയുണ്ട്.

ഉപാസനക്കടവ് കൈപ്പുഴ വീട്ടില്‍ മത്തായി വര്‍ഗ്ഗീസിന്റെ വീട്ടിലെ ദൃശ്യങ്ങളാണിത്. ഒറ്റദിനം കൊണ്ടാണ് പമ്പയാറിലെ വെള്ളം വീട്ടിലേക്ക് ഇരച്ചുകയറിയത്. ഭൂരിഭാഗം വീട്ടുപകരണങ്ങളും വെള്ളത്തിനടിയിലായി. ചിലത് ഒലിച്ചുപോയി. ഞൊടിയിടയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വേണ്ട കരുതല്‍ എടുക്കാനും സാധിച്ചില്ല. അന്തിയുറങ്ങാന്‍ പോയിട്ട് പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഉപാസനക്കടവില്‍ മാത്രം 10 ല്‍ പരം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വെള്ളപ്പൊക്ക കൊടുതികള്‍ പതിവാണെങ്കിലും പരിഹാരം കണ്ടെത്താന്‍ പദ്ധതികള്‍ ഉണ്ടായിട്ടില്ല. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മറ്റും നടപടി വേണമെന്നാണ് ആവശ്യം

കുട്ടനാട്ടിലെ നെല്‍പാടങ്ങള്‍ മടവീഴ്ച ഭീഷണിയില്‍
മഴ കനത്തതോടെ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നെല്‍പ്പാടങ്ങള്‍ മടവീഴ്ച ഭീഷണിയില്‍. കഴിഞ്ഞ ദിവസം കരിനിലം മേഖലയില്‍ മടവീഴ്ചമൂലം അഞ്ഞൂറോളം ഏക്കറിലെ കൃഷിയാണ് നശിച്ചത്. കിഴക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ശക്തമായി വെള്ളം ഒഴുകിയെത്തി, കുട്ടനാട്ടിലും പല പാടശേഖരങ്ങളും വെള്ളത്തിനടിയിലായി.

Full View

കുട്ടനാട്ടില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന കരിനിലം മേഖലയില്‍ തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് അടുത്തു കിടക്കുന്ന നാലുചിറയിലാണ് ഈ വര്‍ഷം ആദ്യമായി മടവീഴ്ചയുണ്ടായത്. മൂന്നു പാടശേഖരങ്ങളിലായി 430 ഏക്കറില്‍ വെള്ളം കയറി. രണ്ടാം വിളയ്ക്കായി വിത്തിറക്കിയിരുന്നത് പൂര്‍ണമായി നഷ്ടപ്പെട്ടു.

കിഴക്കന്‍ വെള്ളം ശക്തിയായി ഒഴുകിയെത്തുന്നതിനാല്‍ കുട്ടനാട്ടിലെ കര്‍ഷകരെല്ലാം വലിയ ആശങ്കയിലാണ്. കുത്തഴുക്കിന്റെ ശക്തി മൂലം മടവീഴ്ചയുണ്ടായാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടാവുക.

Tags:    

Similar News