പൊലീസിലെ ദാസ്യപ്പണി; എഡിജിപിയെ മാറ്റി
പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ടായിരുന്നു.
പൊലീസുകാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ എഡിജിപി സുധേഷ് കുമാറിനെതിരെ നടപടി. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധേഷ് കുമാറിനെ എസ്എപി ബറ്റാലിയന്‍ ചുമതലയില്‍ നിന്ന് നീക്കി. പകരം ചുമതല നല്‍കിയില്ല. ഡിജിപി, സുദേഷ് കുമാറിനെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. എഡിജിപിയുടെ മകള്‍ക്ക് ഗവാസ്‌കറിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു.
സുധേഷ് കുമാര്‍ പദവി ദുരുപയോഗം ചെയ്‌തെന്നും വാഹനം ദുരുപയോഗം ചെയ്‌തെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കുടുംബം പൊലീസുകാരോട് മോശമായി പെരുമാറുന്നത് സുധേഷ് കുമാറിന് അറിയായിരുന്നു. ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല എഡിജിപി തന്നെ ക്യാമ്പ് ഫോളോവേഷ്‌സിനെ അസഭ്യം പറയുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബന്ധുവിനെ കണ്ണൂരില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ച പൊലീസുകാരെ മാനസിക പീഡനത്തിന് വിധേയരാക്കി. ഇത്തരത്തില്‍ 12 കണ്ടെത്തലുകള്‍ എഡിജിപിക്കെതിരായ റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് സുധേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കിയത്. എഡിജിപി ആനന്ദകൃഷ്ണന് ബറ്റാലിയന്റെ അധിക ചുമതല നല്‍കുകയും ചെയ്തു. സേനയുടെ മനോവീര്യം കെടുത്തുന്ന സംഭവങ്ങളാണ് നടന്നതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ സുധേഷ്‌കുമാറിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. അതേസമയം, എഡിജിപിയുടെ മകള്‍ക്ക് ഗവാസ്‌കറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും കരുതിക്കൂട്ടിയാണ് ഗവാസ്‌കറിനെ ഇവര്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.
പൊലീസുകാരനെ തല്ലിയ നടപടി അംഗീകരിക്കാനാവില്ലെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി.