ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുമളി പൊലീസ് സ്റ്റേഷനില്‍ ആദിവാസി സ്ത്രീയുടെ കുത്തിയിരിപ്പ് സമരം

ഭര്‍ത്താവിനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ പരാതി

Update: 2018-06-23 08:16 GMT
Advertising

അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി യുവതി കുമളി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ പരാതി. സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളും ആദിവാസി സംരക്ഷണസമിതി പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.

Full View

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കുമളി കുഴിക്കണ്ടം സ്വദേശി ജയകുമാറും അയല്‍വാസിയും ബന്ധുവുമായ സുബ്രഹ്മണ്യനെന്ന ആളുമായി തര്‍ക്കമുണ്ടാകുന്നതും അടപിടിയില്‍ കലാശിച്ചതും. ജയകുമാറിനെയും തന്നെയും സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ഭാര്യ രാജേശ്വരി പരാതിപ്പെടുന്നു. തുടര്‍ന്നാണ് കുമളി പൊലീസ് ജയകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. മര്‍ദ്ദിച്ച ആളെ പിടികൂടാതെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജേശ്വരിയും രണ്ട് കുട്ടികളും കുമളി പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി എട്ടരയോടെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സിപിഎം പിന്തുണയുള്ളതുകൊണ്ടാണ് സുബ്രഹ്മണ്യനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്നും രാജേശ്വരി ആരോപിക്കുന്നു.

വസ്തുവിന്റെ പേരില്‍ സിപിഎം പഞ്ചായത്ത് അംഗവും സുബ്രഹ്മണ്യനും ചേര്‍ന്ന് കുടുംബത്തെ ദ്രോഹിക്കുകയാണെന്നും രാജേശ്വരി പറയുന്നു. സുബ്രഹ്മണ്യനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും കുമളി പൊലീസ് വ്യക്തമാക്കി. സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ, കോണ്‍ഗ്രസ്, ആദിവാസി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ്സമരം നടത്തുന്ന രാജേശ്വരിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്.

Tags:    

Similar News