സംഭവബഹുലം ചെര്‍ക്കളം അബ്ദുല്ലയുടെ രാഷ്ട്രീയ ജീവിതം
തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് ചെര്‍ക്കളം അബ്ദുള്ളയെ വ്യത്യസ്തനാക്കുന്നത്. ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെ ലീഗിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.
സംഭവ ബഹുലമാണ് ചെര്‍ക്കളം അബ്ദുല്ലയുടെ രാഷ്ട്രീയ ജീവിതം. ജില്ലയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു നേതാവ് കാസര്‍കോട് ഇല്ല. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് ചെര്‍ക്കളം അബ്ദുല്ലയെ വ്യത്യസ്തനാക്കുന്നത്. ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെ ലീഗിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.
കാസര്‍കോട് ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേര് മാത്രമായിരുന്ന ചെര്‍ക്കള ഇത്രയേറെ പ്രശസ്തമായത് ചെര്‍ക്കളം അബ്ദുല്ല എന്ന നേതാവിലൂടെയാണ്. ധീരമായ തീരുമാനങ്ങളും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ് ചെര്‍ക്കളം അബ്ദുല്ലയുടെ പ്രത്യേകത. 1987 മുതൽ തുടർച്ചയായി നാല് തവണ മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ 1982 വരെ നാല് തവണ വിജയിച്ച സി.പി.ഐയെ മുട്ടുകുത്തിച്ചാണ് ചെര്‍ക്കളം പടയോട്ടം ആരംഭിച്ചത്. മഞ്ചേശ്വരത്തെ ലീഗിന്റെ സുരക്ഷിത മണ്ഡലമാക്കുന്നതില്‍ ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു.
2001 ൽ എ കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. കാസർകോട് ജില്ലയുടെ പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. 1972 മുതൽ 1984 വരെ മുസ്‌ലിം ലീഗ് അവിഭക്‌ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി. 1984ൽ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി. 2002 മുതൽ ജില്ലാ പ്രസിഡന്റായിരുന്നു. നിലവില്‍ ലീഗ് സംസ്ഥാന ട്രഷറര്‍, എസ്ടിയു സംസ്ഥാന പ്രസിഡന്‍റ്. കാസര്‍കോട് ജില്ലയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
കാസർകോട് സംയുക്‌ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റർ ഫോർ ഡവലപ്പ്മെന്റ് എജുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്‌റ്റ് ട്രസ്‌റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സെന്റർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്‌ജിദ് പ്രസിഡന്റ്, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങി നിരവധി മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.