പെരിയാർ കരകവിയാനുള്ള സാധ്യത; ക്രമീകരണങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം
പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്
ഇടുക്കിയില്‍ അണക്കെട്ട് തുറക്കുമ്പോള്‍ പെരിയാർ കരകവിയാനുള്ള സാധ്യത മുന്‍ നിര്‍ത്തിയുള്ള ക്രമീകരണങ്ങള്‍ എറണാകുളം ജില്ലാ ഭരണകൂടം ഒരുക്കി. പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്. ദുരന്താ നിവാരണ സേനയുടെ ഒരു യൂണിറ്റ് ആലുവയില്‍ ക്യാമ്പ് ചെയ്യും.
ചെറുതോണി ഡാം തുറക്കുമ്പോള്‍ വെള്ളം ചെറുതോണി പുഴയിലുടെ പെരിയാറിൽ ചേർന്ന് തട്ടേക്കണ്ണി പിന്നിട്ട് നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട് , പാണംകുഴി, മലയാറ്റൂർ, കോടനാട്, കാലടി , ചേലാമറ്റം വഴി ആലുവയുലേക്കാണ് എത്തേണ്ടത്. ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിലും വെള്ളമെത്തും. പെരിയാറിലെ ഭൂതത്താൻകെട്ടു ഡാമിന്റെ 13 ഷട്ടറുകൾ നിലവില്‍ തുറന്നിട്ടിരിക്കുകയാണ്.
ഫലത്തില്‍ കൊച്ചി കോര്‍പറേഷന്‍ , ആലുവ, കളമശ്ശേരി, പറവൂര്‍ തൃപ്പൂണിത്തുറ നഗരസഭകള്‍ ആയ്യമ്പുഴ മുതല്‍ വടക്കേക്കര വരെ 24 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനായി കെട്ടിടങ്ങള്‍ ഈ മേഖലകളില്‍ കണ്ടെത്തിയിട്ടുണ്ട്. അന്തിമ മുന്നറിയിപ്പ് ലഭിക്കുന്നതോടെ പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങളോട് മാറാനാവശ്യപ്പെടും.
ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നു. ഈ അണക്കെട്ടും തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും. ജലനിരപ്പ് ഉയരുന്നത് 169 പിന്നിട്ടാല്‍ ഡാം തുറക്കുന്ന സാധ്യത പരിശോധിക്കും. നിലിവ്‍ 50 സെന്റീമീറ്റര്‍ അനുപാതത്തിലാണ് ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നത്.