സുന്നി മഹല്ല് ഫെഡറേഷനില്‍ സ്ഥാനചലനം; പിന്നില്‍ ലീഗ് നേതൃത്വമെന്ന് ആക്ഷേപം 

മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, വൈസ് പ്രസിഡന്റ് ജമലുല്ലൈയ്ലി തങ്ങള്‍ എന്നിവരെ മാറ്റി. സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വമേകിയ നേതാക്കള്‍ക്കാണ് സുപ്രധാന സ്ഥാനങ്ങള്‍ നഷ്ടമായത്.

Update: 2018-09-16 08:02 GMT

മുസ്‌ലിം ലീഗ്‌ താല്‍പര്യത്തിന് വിരുദ്ധമായി സുന്നി ഐക്യ ശ്രമങ്ങളുമായി മുന്നോട്ട് പോയ നേതാക്കളെ ലക്ഷ്യമിട്ട് സമസ്തയില്‍‌ നീക്കം. മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, വൈസ് പ്രസിഡന്റ് ജമലുല്ലൈയ്ലി തങ്ങള്‍ എന്നിവരെ മാറ്റി. സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കാണ് സുപ്രധാന സ്ഥാനങ്ങള്‍ നഷ്ടമായത്. ചേളാരിയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ യോഗത്തിലാണ് മുക്കം ഉമര്‍ ഫൈസിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ട്രഷറര്‍ സ്ഥാനം നല്‍കി.

പാണക്കാട് യോഗം വിളിച്ച്, ഉമര്‍ ഫൈസിയെ നീക്കാന്‍ നടത്തിയ നീക്കം എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെ പരാജയപ്പെട്ടിരുന്നു. സുന്നി ഐക്യത്തിന്‌ വേണ്ടി ശക്തമായി നിലപാടെടുത്തതിനെ തുടര്‍ന്ന് മുസ്‍ലിം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഉമര്‍ ഫൈസിയോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതും നേരത്തെ ഉമര്‍ ഫൈസി ചോദ്യം ചെയ്തിരുന്നു. സമസ്തയില്‍ ലീഗ് നേതൃത്വം നടത്തുന്ന ഇടപെടലുകളെ എതിര്‍ക്കുന്നവരോടുള്ള അടുപ്പവും ലീഗിന്റെ അനിഷ്ടത്തിന് കാരണമാണ്.

Advertising
Advertising

Full View

കോഴിക്കോട് ഖാദികൂടിയായ ജമലുല്ലൈയ്ലി തങ്ങളും സമസ്തയിലെ ലീഗ് ഇടപെടലുകളെ എതിര്‍ക്കുന്ന നേതാവാണ്. ജമലുല്ലൈയ്ലി തങ്ങള്‍ക്ക് പകരം സ്ഥാനവും നല്‍കിയില്ല. എസ്.കെ.എസ്.എസ്.എഫ് ഒഴികെയുള്ള പോഷക സംഘടനകളില്‍ നേതാക്കളെ ഒഴിവാക്കുന്ന കീഴ്‍വഴക്കം സമസ്തയിലില്ല. ഇതിന് വിരുദ്ധമായി മഹല്ല് ഫെഡറേഷനില്‍ ഇപ്പോഴുണ്ടായ മാറ്റം പ്രവര്‍ത്തകരെയും ഒരു വിഭാഗം നേതാക്കളെയും ഞെട്ടിച്ചു.

മുസ്‌ലിം ലീഗ്‌ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരിലേക്ക് നേതൃത്വം പൂര്‍ണമായി മാറുന്നുവെന്ന സൂചനയാണ് പുതിയ മാറ്റങ്ങള്‍ നല്‍കുന്നത്. ഇതില്‍ വിദ്യാര്‍ഥി യുവജന സംഘടന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സുന്നി ഐക്യശ്രമങ്ങളില്‍ മുസ്‍ലിം ലീഗിന് കടുത്ത എതിര്‍പ്പുണ്ട്. അനുരഞ്ജന സമിതി ചെയര്‍മാനായ സാദിഖലി തങ്ങള്‍ കഴിഞ്ഞ സമവായ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News