കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ്; എയര്‍ ഇന്ത്യയുടെ സാങ്കേതിക നടപടികള്‍ ഉടന്‍ തുടങ്ങും

15ന് എയര്‍ ഇന്ത്യയുടെ വിദഗ്ദ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തും.

Update: 2018-10-11 07:35 GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി ഡി.ജി.സി.എയുടെ അനുമതി തേടുന്നതിനായുള്ള എയര്‍ ഇന്ത്യയുടെ സാങ്കേതിക നടപടികള്‍ ഉടന്‍ തുടങ്ങും. 15ന് എയര്‍ ഇന്ത്യയുടെ വിദഗ്ദ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തും.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍ ഇന്ത്യ ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം 15ന് എയര്‍ ഇന്ത്യയുടെ മൂന്നംഗ വിദഗ്ദ്ധ സംഘം കരിപ്പൂരിലെത്തുന്നത്. സുരക്ഷ പരിശോധന പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 480 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747-400 വിമാനത്തിന്റെ സര്‍വീസിനായുള്ള നടപടികള്‍ ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. കരിപ്പൂരില്‍ കോഡ് ഇ വിമാന സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന പഠന റിപോര്‍ട്ട് തയ്യാറാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഏവിയേഷന്‍ വിദഗ്ദനായ ഒ വി മാര്‍ക്സും പരിശോധനയില്‍ പങ്കാളിയാവും.

സുരക്ഷ പരിശോധനയും സര്‍വീസ് ഓപറേറ്റിങ് പ്രൊസീജറും പൂര്‍ത്തിയാക്കിയാലുടന്‍ എയര്‍ ഇന്ത്യ ഡി.ജി.സി.എയെയും വ്യോമയാനമന്ത്രാലയത്തേയും അനുമതിക്കായി സമീപിക്കും. അതേസമയം കോഡ് ഇ ഗണത്തില്‍ തന്നെ പെടുന്ന ലാമ,ഡ്രീം ലൈനര്‍ വിമാനങ്ങളുടെ കൂടി സര്‍വീസിനുള്ള അനുമതി ഇതോടൊപ്പം നേടിയെടുക്കാന്‍ എയര്‍ ഇന്ത്യ ശ്രമിക്കണമെന്നാണ് ഏവിയേഷന്‍ വിദഗ്ദരുടെ നിലപാട്. നിലവില്‍ അനുമതി തേടുന്ന ബോയിങ് 747-400 വിമാനം പഴക്കം ചെന്ന ജംബോ വിമാനങ്ങളുടെ ശ്രേണിയിലുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

Tags:    

Similar News