നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല: ഹാദിയ കേസ് അന്വേഷണം എന്‍.ഐ.എ അവസാനിപ്പിക്കുന്നു

ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

Update: 2018-10-18 06:14 GMT

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കി.

ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കേസില്‍ ക്രിമിനല്‍ കുറ്റം നടന്നതിന് തെളിവില്ലാത്തതിനാല്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. ലവ് ജിഹാദ് ആരോപണം ഉയര്‍ന്ന പതിനൊന്ന് കേസുകള്‍ ഇതോടൊപ്പം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിന് പരിഗണിച്ചിരുന്നു.

Advertising
Advertising

Full View

മതം മാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ 89 കേസുകളില്‍ നിന്നാണ് ഇവ തെരഞ്ഞെടുത്തത്. ഇതില്‍ പലതിലും മതം മാറ്റത്തിന് മുസ്‍ലിം സംഘടനകളുമായി ബന്ധമുള്ളവരോ വ്യക്തികളോ സഹായം നല്‍കിയിട്ടുണ്ടെങ്കിലും കുറ്റകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ട്. മതം മാറ്റത്തിന് ഭരണഘടനാപരമായ അനുമതിയുള്ളതിനാല്‍ അതിന് സഹായിക്കുന്നത് കുറ്റകൃത്യമല്ല.

ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തള്ളിയ സുപ്രീംകോടതി വിവാഹം നിയമപരമാണെന്ന് വിധിച്ചിരുന്നു. ഈ വിധിയും എന്‍.ഐ.എയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന് ക്ലീന്‍ ചിറ്റ് നല്‍കുന്നില്ലെന്നാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ പ്രതികരണം.

Tags:    

Similar News