ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്കരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമപരമായ മറ്റു കാര്യങ്ങളിലേക്ക് കടക്കാനാണ് കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കളുടെ തീരുമാനം.

Update: 2018-10-25 12:57 GMT

ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്കരിച്ചു. ചേര്‍ത്തല പള്ളിപ്പുറം സെന്‍റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. രാവിലെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെയാണ് ജലന്ധറില്‍ നിന്ന് ഫാ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച് ചേര്‍ത്തലയിലെ വസതിയിലേക്ക് കൊണ്ടു വന്നത്. രാത്രി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തില് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ അവസാനമായി ഒരുനോക്ക് കാണാനെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പള്ളിപ്പുറത്തെ ഒരു വിഭാഗം വിശ്വാസികളും ഇന്ന് രംഗത്തെത്തി.

Advertising
Advertising

12 മണിയോടെ വീട്ടില്‍ നിന്ന് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മൃതദേഹം പള്ളിപ്പുറം സെന്‍റ് മേരീസ് ചര്‍ച്ചിലെത്തിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം വൈകീട്ട് നാല് മണിയോടെ സംസ്കാരം നടന്നു. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ‘സഭാ നവീകരണ സംഘടന’ സംസ്കാരം നടന്ന പള്ളിക്ക് പുറത്ത് പ്ലക്കാര്‍ഡ് ഏന്തി പ്രതിഷേധം സംഘടിപ്പിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമപരമായ മറ്റു കാര്യങ്ങളിലേക്ക് കടക്കാനാണ് കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കളുടെ തീരുമാനം. ദുരൂഹമരണത്തില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അനുയായികള്‍ക്ക് എതിരായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Tags:    

Similar News