സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: അതിരൂപതയുടെ ഭൂമി കണ്ടുകെട്ടി
ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഭൂമിയും വീടും കണ്ടുകെട്ടി. സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിച്ചു. സാജു വര്‍ഗീസ് പിഴ അടക്കണം.
സീറോമലബാര്‍ സഭ ഭൂമിയിടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് പത്തുകോടിയുടെ നികുതിവെട്ടിച്ചുവെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. സഭ വിറ്റ കാക്കനാടുള്ള ഭൂമിയും ഭൂമി വാങ്ങിയ വി.കെ ഗ്രൂപ്പിന്റെ ആസ്തിയും കണ്ടുകെട്ടി. താത്ക്കാലിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസിലാണ് ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഇടനിലക്കാരനായ സാജു വര്‍ഗീസ് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കാക്കനാട്ടുള്ള സാജു വര്‍ഗീസിന്റെ ആഡംബര വീടും സ്ഥലവും കണ്ടുകെട്ടാന്‍ നടപടിയായി. നികുതി വെട്ടിപ്പ് നടത്തിയ പത്ത് കോടിരൂപ പിഴയായി നല്‍കണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കി.
സാജു വര്‍ഗീസിന്റെയും ഭൂമി വാങ്ങിയ വികെ ഗ്രൂപ്പിന്റെയും ഇടപാടുകളും മരവിപ്പിച്ചു. കാക്കനാട്ടുള്ള 64 സെന്റ് ഭൂമി സഭ സാജു വര്‍ഗീസിന് വില്‍ക്കുകയും തുടര്‍ന്ന് സാജു വര്‍ഗീസ് വി.കെ ഗ്രൂപ്പിന് ഇത് കൈമാറുകയുമായിരുന്നു. 3.94 കോടി മാത്രമായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഭൂമി മറിച്ചുവിറ്റത് 39 കോടിക്കാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇടനിലക്കാരന് പിന്നാലെ സഭാ നേത്വത്വത്തിലേക്കും നടപടി നീളുമെന്നാണ് സൂചന.
സീറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി രൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന 3 ഏക്കര്‍ സ്ഥലം വില്‍പന നടത്തിയിരുന്നു. എന്നാല്‍ വിപണി വിലയുടെ മൂന്നിലൊന്ന് തുക മാത്രമാണ് രൂപതയ്ക്ക് ലഭിച്ചത്. ഇതാണ് രൂപതാ സമിതികളില്‍ വന്‍ വിവാദത്തിനാണ് വഴിതുറന്നത്.