ജി.സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകൾ പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാഗം: യൂത്ത് കോൺഗ്രസ്

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വർഗീയ പ്രസ്താവനകളെ തള്ളിപ്പറയുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല മറിച്ച് അത്തരം പ്രസ്താവനകളോടുള്ള എതിർപ്പ് മാത്രമാണെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് പറ‍ഞ്ഞു

Update: 2026-01-18 15:00 GMT

കോഴിക്കോട്: എൻഎസ്എസിനും എസ്എൻഡിപിക്കും എതിരെ യൂത്ത് കോൺഗ്രസ്. ജി.സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകൾ പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് പറഞ്ഞു. വർഗീയതയെ പ്രീണിപ്പിക്കാനുള്ള സിപിഎം ശ്രമങ്ങളെ എൻഎസ്എസും എസ്എൻഡിപിയും പരോക്ഷമായി പിന്തുണയ്ക്കുകയാണ്. വർഗീയ പ്രസ്താവനകളെ ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ പ്രതിപക്ഷനേതാവിന്റെ പിന്നിൽ കോൺഗ്രസും കേരളവും അണിനിരക്കുമെന്നും ജനീഷ് വ്യക്തമാക്കി.

Advertising
Advertising

പ്രസ്താവനയുടെ പൂർണരൂപം

അധികാരത്തുടർച്ച ലാക്കാക്കി, ഭൂരിപക്ഷ വർ​ഗീയതയെ പ്രീണിപ്പിക്കാൻ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ സ്ഥാനമുള്ള രണ്ട് പ്രസ്ഥാനങ്ങളെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്ന പ്രസ്താവനകൾ ആയി മാത്രമേ നമുക്കതിനെ കാണാൻ കഴിയൂ.

അപരമത വിദ്വേഷം വളർത്തും വിധത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെയാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കേരളീയ സമൂഹത്തോട് ഉത്തരവാദിത്തമുള്ള നേതാക്കളൊക്കെ തള്ളിപ്പറഞ്ഞത്. ആ പ്രസ്താവനകൾ ഉണ്ടാക്കാനിടയുള്ള അപകടത്തിന്റെ ആഴം മനസ്സിലായിട്ടും ഭരണത്തിൽ മൂന്നാമൂഴത്തിന് സഹായിച്ചേക്കാമെന്ന മിഥ്യാധാരണയിൽ അത്തരം പ്രസ്താവനകളെ ന്യായീകരിക്കുകയും തള്ളിപ്പറയാതിരിക്കുകയുമാണ് പിണറായി വിജയനുൾപ്പെടെ സി പി എം നേതാക്കൾ ചെയ്തത് .

സിപിഎം നയിക്കുന്ന സർക്കാറിനെ പ്രകീർത്തിക്കാൻ ഇവർ തയ്യാറാകുമ്പോൾ, പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാ​ഗമാണ് തങ്ങളെന്ന് പറയാതെ പറയുകയാണ് ജി സുകുമാരൻ നായരും, വെള്ളാപ്പള്ളിയും. മാത്രമല്ല പ്രസ്തുത സമുദായ അംഗങ്ങൾ കൂടി ഉൾപ്പെടുന്ന കേരളീയ ജനതയുടെ ജീവിത പ്രശ്നങ്ങളിൽ ഈ സര്ക്കാർ വച്ച് പുലർത്തിയ നിസംഗതയെ, മുതലെടുപ്പിനെ എല്ലാം വെള്ളപൂശുകയുമാണ്. ഇത് പ്രസ്തുത സമുദായ അംഗങ്ങളുടെ നിലപാട് അല്ല എന്നത് വ്യക്തമാണ്.

അതുകൊണ്ടുതന്നെ അത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വർഗീയ പ്രസ്താവനകളെ തള്ളിപ്പറയുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല മറിച്ച് അത്തരം പ്രസ്താവനകളോടുള്ള എതിർപ്പ് മാത്രമാണ്. എസ്എൻഡിപി യെയോ ശ്രീനാരായണീയ സമൂഹത്തെയൊ അല്ല പ്രതിപക്ഷ നേതാവ് തള്ളിപറഞ്ഞത്. ഹിന്ദു മഹാമണ്ഡലം, നായരീഴവ ഐക്യം, നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന് തുടങ്ങി മുൻകാലത്ത് പറഞ്ഞതും നടപ്പാക്കാൻ ശ്രമിച്ചതുമായ കാര്യങ്ങൾ കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് മണ്ണൊരുക്കാനുള്ള ശ്രമമായിരുന്നുവെന്നത് പകൽ പോലെ വ്യക്തമാണ്. അതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ വീണ്ടും പറയുന്ന ഹിന്ദു സമുദായിക സംഘടനകളുടെ ഐക്യപ്പെടൽ.

ഹിന്ദു സമുദായിക സംഘടനകൾ ഐക്യപ്പെടുന്നതിൽ കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ പരാതിയില്ല, പക്ഷേ അതിൻറെ ഇന്ധനം അപരമത വിദ്വേഷം ആകുമ്പോൾ അത് ശ്രീനാരായണീയ തത്വങ്ങൾക്കും, മാനവികതക്കും വിരുദ്ധമാണ് എന്നതാണ് പ്രധാന പ്രശ്നം. അപരമത വിദ്വേഷത്തിൽ ഊന്നിയുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ സന്ദർഭമൊരുക്കിക്കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രത്യേകം ഓർക്കണം. ഹിന്ദുത്വ രാഷ്ട്രീയത്തിനും ബി ജെ പിക്കും ഭാവിയിൽ വളരാനുള്ള മണ്ണൊരുക്കുകയാണ് അദ്ദേഹം യഥാർത്ഥത്തിൽ ചെയ്തത്.

ഇതിനെ ശരിയായി മനസ്സിലാക്കി പ്രതിരോധിക്കുക എന്നത് മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള വലിയ സമരത്തിന്റെ ഭാ​ഗമാണ്. അതിനാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നത്. മനുഷ്യർ തമ്മിലാണ് ഐക്യമുണ്ടാകേണ്ടത്. വർ​ഗീയതയെ ചെറുത്തുതോൽപ്പിക്കാൻ മാനവികതയുടെ, മൂല്യങ്ങളുടെ ഐക്യപ്പെടലാണുണ്ടാകേണ്ടത്. ശ്രീനാരായണീയ ത്വത്വങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. കേരളത്തെ ഇരുണ്ടകാലത്തിലേക്ക് തിരികെക്കൊണ്ടുപോകാൻ പാകത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സമുദായ നേതൃത്വങ്ങളെ ജനം തള്ളിക്കളയും.

അത്യന്തികമായി ജന ജീവിതം ദുസ്സഹമാക്കിയ സർക്കാരിനെ ഏത് സമുദായ നേതൃത്വങ്ങൾ വ്യക്തി താൽപര്യങ്ങൾക്ക് വിധേയമായി പിന്തുണച്ചാലും പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിൽ പ്രയാസം അനുഭവിക്കുന്ന പ്രസ്തുത സമുദായംഗങ്ങൾ ഉൾപ്പെടെ ഉള്ള ജനത, മനുഷ്യത്വത്തിൻ്റെ പാതയിൽ അണി നിരക്കും. പുതുയു​ഗപ്പിറവിയിലേക്കുള്ള യാത്രയാണ് ലക്ഷ്യം. ആ പുതുയു​ഗത്തിലേക്ക് നയിക്കാൻ പ്രതിപക്ഷ നേതാവിന്റെ പിന്നിൽ കോൺ​ഗ്രസ് അണിനിരക്കും, കേരളം അണിനിരക്കും. 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News