ദേശീയ അധ്യാപക വിദ്യാഭ്യാസ കൌണ്‍സിലിന്റെ അംഗീകാരമില്ലാത്ത യോഗ്യത പരീക്ഷ ഈ വര്‍ഷവും നടത്തുന്നു

എല്‍.പി സ്കൂളിലെ സംസ്കൃതം, അറബിക്, ഉറുദു അധ്യാപകര്‍ക്കുള്ള യോഗ്യത പരീക്ഷ നിര്‍ത്തണമെന്ന എസ്.ഇ.ആര്‍.ടിയുടെ നിര്‍ദേശം സര്‍ക്കാര്‍ അവഗണിച്ചു

Update: 2018-11-03 06:17 GMT

ദേശീയ അധ്യാപക വിദ്യാഭ്യാസ കൌണ്‍സിലിന്‍റെ അംഗീകാരമില്ലാത്ത അധ്യാപക യോഗ്യതാപരീക്ഷ നിര്‍ത്തലാക്കാതെ വിദ്യാഭ്യാസ വകുപ്പ്. എല്‍.പി സ്കൂളിലെ സംസ്കൃതം, അറബിക്, ഉറുദു അധ്യാപകര്‍ക്കുള്ള യോഗ്യത പരീക്ഷ നിര്‍ത്തണമെന്ന എസ്.ഇ.ആര്‍.ടിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. സ്വകാര്യ അധ്യാപക പരിശീലന ലോബിയുടെ സ്വാധീനമാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്ന് ആക്ഷേപം.

പ്രൈമറി സ്കൂളിലെ സംസ്കൃതം, അറബിക്, ഉറുദു അധ്യാപകരാകാനുള്ള യോഗ്യതാപരീക്ഷ പരീക്ഷ ഭവന്‍ നടത്തിവരുന്നുണ്ട്. ഈ പരീക്ഷ എഴുതാന്‍ എസ്.എസ്.എല്‍.സി യോഗ്യത മാത്രം മതി. എന്നാല്‍ രാജ്യത്തെ അധ്യാപകരുടെ നിലവാരം ഉറപ്പുവരുന്നതിന്റെ ഭാഗമായി ദേശീയ അധ്യാപക വിദ്യാഭ്യാസ കൌണ്‍സില്‍ മാനദണ്ഡം കൊണ്ടുവന്നു. 100 ദിവസത്തെ ഇന്റേണ്‍ഷിപ്പുള്‍പ്പെടെ രണ്ടു വര്‍ഷത്തെ അധ്യാപക പരിശീലനം ലഭിച്ചവരെ മാത്രമേ അധ്യപകരായി നിയമിക്കാവൂ. ഇതോടെ പരീക്ഷാ ഭവന്‍ നടത്തുന്ന പരീക്ഷകള്‍ ഈ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പ് എസ്.ഇ.ആര്‍.ടിയുടെ അഭിപ്രായം തേടി. പ്രൈമറി സ്കൂളിലെ സംസ്കൃതം, അറബിക്, ഉറുദു അധ്യാപകര്‍ക്കായി പരീക്ഷാ ഭവന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് അംഗീകാരമുണ്ടാവില്ലെന്നും അത് നിര്‍ത്തലാക്കണമെന്നും എസ്.ഇ.ആര്‍.ടി വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനും മറുപടി നല്‍കി

Advertising
Advertising

എന്നാല്‍ ഈ വര്‍ഷവും പരീക്ഷാ നടത്തിപ്പ് നടപടികളുമായി പരീക്ഷാ ഭവന്‍ മുന്നോട്ടുപോകുന്നുവെന്നാണ് വിവരം. ഈ പരീക്ഷക്കായി പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. 30,000 രൂപ മുതല്‍ 50,000 വരെ ഈടാക്കുന്നുണ്ട് ഈ അനധികൃത കോഴ്സ് നടത്തുന്നവര്‍. ഈ പരീക്ഷ നിലനിര്‍ത്താന്‍ ഇവര്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ പരീക്ഷ എഴുതി പാസായവര്‍ക്ക് പുതിയ മാനദണ്ഡപ്രകാരം അധ്യാപകരാനും കഴിയില്ല.

അംഗീകാരമില്ലാത്ത പരീക്ഷ. അതിനായി അനധികൃതമായി കോഴ്സ് നടത്തുന്നവര്‍ വേറെ. വിദ്യാഭ്യാസ വകുപ്പിന്‍റെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നതാണ് സാഹചര്യം.

Full View
Tags:    

Similar News