ശബരിമല വിവാദം കത്തിനില്‍ക്കെ നിയമസഭ‍ സമ്മേളനം ഇന്ന് തുടങ്ങും; വരും ദിവസങ്ങളില്‍ സഭ പ്രക്ഷുബ്ദമാകും

ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ ഭരണപക്ഷത്തും സജീവമാണ്

Update: 2018-11-27 03:24 GMT

ശബരിമല വിവാദം കത്തിനില്‍ക്കെ നിയമസഭ‍ സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഡിസംബര്‍ 13 വരെ നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്. ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ ഭരണപക്ഷത്തും സജീവമാണ്.

Full View

നിലവിലുള്ള 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് നിയമസഭ പരിഗണിക്കുന്നത്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബുദല്‍ റസാഖിനും എം.ഐ ഷാനവാസ് എം.പിക്കും ചരമോപചാരം അര്‍പ്പിച്ച് ഇന്ന് സഭ പിരിയും. നാളെ മൂന്ന് ബില്ലുകള്‍ പരിഗണിക്കും. ഡിസംബര്‍ 13 വരെ നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ദമാകാനാണ് സാധ്യത. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത്. ശബരിമലയിലെ പൊലീസ് നിയന്ത്രങ്ങള്‍, നടവരവ് കുറഞ്ഞത് തുടങ്ങിയ വിഷയങ്ങളാകും ആദ്യ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വരുക. കെടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധു നിയമന വിവാദവും സഭയില്‍ പ്രതിപക്ഷം ആയുധമാക്കും. പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തെങ്കിലും ഈ വിഷയവും പ്രതിപക്ഷം ചര്‍ച്ചയാക്കും. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സര്‍ക്കാര്‍ നീക്കം. കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ ,ആ നിയമനം ഇല്ലാതായതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയേക്കും.

കോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ സമേളനത്തില്‍ പങ്കെടുക്കാനാകില്ല. കെ.എം ഷാജിയുടെ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വനിത ജീവനക്കാര്‍ക്ക് ഇരിപ്പിട സൌകര്യം ഒരുക്കുന്ന ബില്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ബില്‍, തുടങ്ങിയവയാണ് ആദ്യ ദിവസങ്ങളില്‍ പരിഗണിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ ഏതൊക്കെ ഓര്‍ഡിനനന്‍സ് പരിഗണിക്കണമെന്ന കാര്യം കാര്യോപദേശ സമിതി തീരുമാനിക്കും .

Tags:    

Similar News