പ്രളയത്തില്‍ പാലക്കാട് വീട് നഷ്ടമായത് 1471 കുടുംബങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ ‘സുരക്ഷിത കൂടൊരുക്കും കേരളം’ പദ്ധതി നടപ്പാക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടികയിലാണ് വീട് നഷ്ടപ്പെട്ടവരുടെ സമഗ്ര വിവരം ലഭ്യമായത്.
പ്രളയ ദുരന്തത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ പൂര്‍ണമായോ ഭാഗികമായോ 1471 കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. സംസ്ഥാന സര്‍ക്കാരിന്റെ 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതി നടപ്പാക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടികയിലാണ് വീട് നഷ്ടപ്പെട്ടവരുടെ സമഗ്ര വിവരം ലഭ്യമായത്. ഇതില്‍ 12 കുടുംബങ്ങള്‍ താമസിക്കാന്‍ സ്വന്തം സ്ഥലമില്ലാത്തതിനാല്‍ ഇപ്പോഴും പുറമ്പോക്കിലാണ് കഴിയുന്നത്.
പാലക്കാട് ജില്ലയില്‍ പാലക്കാട് ബ്ലോക്ക് പരിധിയിലാണ് പ്രളയ ദുരിതത്തില്‍ ഏറ്റവും കൂടുതല്‍ വീട് നഷ്ടപ്പെട്ടത്. 192 കുടുംബങ്ങള്‍ക്കാണ് ഇവിടെ വീട് നഷ്ടപ്പെട്ടത്. മലമ്പുഴ ബ്ലോക്കില്‍ 176 കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. മലമ്പുഴ ബ്ലോക്കിലാണ് 12 കുടുംബങ്ങള്‍ ഇപ്പോഴും റെയില്‍വെ പുറമ്പോക്കില്‍ കഴിയുന്നത്. സുരക്ഷിത കൂടൊരുക്കും കേരളം പദ്ധതിയുടെ ഭാഗമായി വീടുകള്‍ പണിതു നല്‍കുന്നതിനോടൊപ്പം ഈ 12 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള വീട് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഇതിനായി ജില്ലയിലെ 13 ബ്ലോക്കുകളിലും സഹായ കേന്ദ്രങ്ങള്‍ തുറക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. വിവിധ ബ്ലോക്കുകളില്‍ വീട് നഷ്ടപ്പെട്ടവരുടെ യോഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വിളിച്ചു ചേര്‍ത്തിരുന്നു.